കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ ലീഗിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി എം.കെ മുനീർ എംഎൽഎ.മുസ്സീം ലീഗിനെതിരെയായി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറു ചോദ്യം ഉയർത്തിയാണ് എംകെ മുനീർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.മുസ്ലീം ലീഗ് രാഷ്‌ട്രീയ പാർട്ടിയാണോ അതോ മത സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പിണറായി കമ്യൂണിസ്റ്റാണോ എന്ന മറു ചോദ്യമാണ് മുനീർ ഉയർത്തിയത്.പിണറായി പറയുന്നതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ലീഗിന്റെ തലയിൽ കയറാൻ ശ്രമിക്കേണ്ടെന്നും മുനീർ പറഞ്ഞു.പിണറായി കമ്മ്യൂണിസ്റ്റ് ആണോ അല്ല എന്നാണ് തങ്ങൾ വിചാരിക്കുന്നതെന്ന് മുനീർ പറഞ്ഞു.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സർക്കാറാണ്.അല്ലാതെ പള്ളികളല്ല. അതുകൊണ്ട് ലീഗിന് ഇടപെടാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീംലീഗ് രാഷ്‌ട്രീയ സംഘടന തന്നെയാണ്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട എന്നും മുനീർ പറഞ്ഞു.ചാൻസിലർക്ക് അധികാരം നൽകാതെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രി കാര്യങ്ങൾ ചെയ്യുന്നത് വലിയ ഭരണഘടനാ ലംഘനമാണെന്ന് മുനീർ ആരോപിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിൽ പറഞ്ഞയാൾ മാപ്പ് പറഞ്ഞിട്ടുണ്ട്.പറഞ്ഞതൊന്നും ചെയ്യാത്ത ആളാണ് മുഖ്യമന്ത്രി.അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഉറപ്പിൽ ബോധ്യം ഇല്ലാത്തതെന്ന് മുനീർ ആരോപിച്ചു.പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ എം എസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ഇത് രാഷ്‌ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണ്. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്‌ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാൽ ഞങ്ങളിനി സഭയിൽ ഇടപെടണ്ട എന്നാണോയെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ധാർഷ്ട്യം ലീഗിനോട് വേണ്ട. സ്വന്തം വീട്ടിൽ മതി.ലീഗിന്റെ തലയിൽ കയറി നിരങ്ങണ്ട. പള്ളിയിൽ ലീഗ് സംസാരിച്ചാൽ വർഗീയ സംഘർഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളിൽ ഇടയലേഖനം വായിക്കാറില്ലേ എന്ന് മുനീർ ചോദിച്ചു. ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മുനീർ പറഞ്ഞു.
















Comments