ലക്‌നൗ: സരയൂ നഹർ ദേശീയ പദ്ധതിക്ക് ഭൂമി അനുവദിച്ചത് താനാണെന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. താജ്മഹൽ പണിതത് താനാണെന്ന് അഖിലേഷ് അവകാശപ്പെട്ടാൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ മറുപടി.
എസ്പിയുടെ കാലത്ത് നാലിൽ മൂന്ന് ഭാഗവും പൂർത്തിയാക്കിയെന്നും ‘സരയു ദേശീയ പദ്ധതിയുടെ’ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ബിജെപി സർക്കാർ അഞ്ച് വർഷമെടുത്തുവെന്നാണ് അഖിലേഷ് യാദവ് ശനിയാഴ്ച പറഞ്ഞത്. ബൽറാംപൂരിൽ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെ എസ്പി നേതാവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. അതിനുളള മറുപടിയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന.
എസ്പി നേതാവിന്റെ അവകാശവാദത്തെ അമിത് മാളവ്യ തളളിക്കളഞ്ഞു. 1978 മുതൽ 2017 വരെ പദ്ധതിയുടെ 35.03 ശതമാനം സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. ഇക്കാലത്ത് നിരവധി എസ്പി സർക്കാരുകൾ വന്നുപോയി. പക്ഷേ സരയുവിന്റെ കാര്യത്തിൽ ഒന്നും ചെയ്തില്ല. താജ്മഹൽ നിർമ്മിച്ചതിന്റെ ക്രെഡിറ്റ് കൂടി നിങ്ങൾ എടുക്കുക.
യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്ന് നാല് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കിയെന്നും മാളവ്യ കൂട്ടിച്ചേർത്തു.
പദ്ധതിയുടെ തറക്കല്ലിട്ടത് താനാണെന്ന് അഖിലേഷ് അവകാശപ്പെട്ടു. അപ്പോൾ എല്ലാ വിഷയത്തിലും അദ്ദേഹം നുണ പറയുന്നുവെന്ന് വ്യക്തമാണ്. താജ്മഹൽ നിർമ്മിച്ചത് താനാണെന്ന് അവകാശപ്പെട്ടാൽ ആരും അതിശയിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് ഫലം എപ്പോൾ വരും. കർഷകർ, സ്ത്രീകൾ, സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങൾ എന്നിവർക്കായി യോഗി സർക്കാർ എത്രമാത്രം പ്രവർത്തിച്ചിട്ടുണ്ടെന്ന് തനിക്ക് വ്യക്തമായി മനസ്സിലാകുമെന്നും മാളവ്യ വ്യക്തമാക്കി.
















Comments