ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സേനാംഗം നായിക് ജിതേന്ദ്ര കുമാർ വെർമയ്‌ക്ക് അർഹിക്കുന്ന ആദരം നൽകി മദ്ധ്യപ്രദേശ് സർക്കാർ. കുടുംബത്തിന് നഷ്ടപരിഹാരവും, കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകും. സംസ്‌കാര ചടങ്ങിനായി എത്തിച്ച ഭൗതിക ദേഹം സ്വന്തം ചുമലിലേറ്റിയാണ് വീരപുത്രനോട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആദരവ് പ്രകടമാക്കിയത്.
ഒരു കോടി രൂപയാണ് മദ്ധ്യപ്രദേശ് സർക്കാർ ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക. വാഗ്ദാനം ചെയ്ത സർക്കാർ ജോലി കുടുംബാംഗത്തിന് വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. പ്രദേശത്തെ സ്‌കൂളിന് ജിതേന്ദ്ര കുമാറിന്റെ പേര് നൽകും. അമർ ഷഹീദ് ജിതേന്ദ്ര കുമാർ വിദ്യാലയ എന്നാണ് പേര് നൽകുക. നാടിന് വേണ്ടി സ്വജീവൻ ബലി നൽകിയ ധീരപോരാളിയുടെ സ്മാരകവും സർക്കാർ നിർമ്മിക്കും.
സെഹോർ ജില്ലയിലെ ദമന്ദയാണ് ജിതേന്ദ്ര കുമാറിന്റെ ജന്മദേശം. സൂലൂരിൽ നിന്നും ഇവിടേക്ക് ഞയറാഴ്ച രാവിലെയോടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മൃതദേഹം ഏറ്റുവാങ്ങി. ജിതേന്ദ്രകുമാറിന്റെ ഭൗതികദേഹം മറ്റ് സേനാംഗങ്ങളും മുഖ്യമന്ത്രിയും ചുമന്നാണ് പൊതുദർശന വേദിയിലേക്ക് എത്തിച്ചത്.
മദ്ധ്യപ്രദേശിന്റെ മണ്ണിന്റെ പുത്രനാണ് അന്തരിച്ച ജിതേന്ദ്ര കുമാർ എന്ന് അന്തിമോപചാരം അർപ്പിച്ച ശേഷം ശിവരാജ് സിഗ് ചൗഹാൻ പറഞ്ഞു. കേവലം ഒന്നര വയസ്സുമാത്രം പ്രായമുള്ള കുട്ടി ജിതേന്ദ്ര കുമാറിന്റെ ചിതയ്‌ക്ക് തീ കൊളുത്തുന്നത് കാണുക ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുട്ടി ചേതന്റെയും,അവളുടെ സഹോദരിയുടെയും ഉത്തരവാദിത്വം ഇനി തന്റെയും ഈ സംസ്ഥാനത്തെ ജനങ്ങളുടെയും കയ്യിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments