ന്യൂഡൽഹി : മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ ഗേറ്റിലെ സ്വർണിം വിജയ് പർവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. 1971 ൽ ഉണ്ടായ ഇന്തോ- പാക് യുദ്ധം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
1971 ലെ ഇന്തോ- പാക് യുദ്ധം ഇന്ത്യ വിഭജനം ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണെന്നാണ് വ്യക്തമാക്കുന്നത്. മതത്തിന്റെ പേരിലാണ് പാകിസ്താൻ രൂപം കൊണ്ടത്. എന്നാൽ ഇന്ത്യയുമായി ഐക്യപ്പെട്ട് കഴിയാൻ പാകിസ്താന് കഴിഞ്ഞില്ല. മാത്രമല്ല അടിക്കടി ഇന്ത്യയുമായി നിഴൽ യുദ്ധം തുടർന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
ഇന്ത്യ വിരുദ്ധതയും, ഭീകരവാദവും വളർത്തി ഇന്ത്യയെ തകർക്കനാണ് പാകിസ്താൻ ശ്രമിക്കുന്നത്. എന്നാൽ ഇവർ വളർത്തുന്ന ഭീകരവാദത്തിന്റെ വേരറുക്കാനാണ് ഇന്ത്യയുടെ സേന നിലകൊള്ളുന്നത്. 1971 ലെ യുദ്ധം ഇതിന് ഉദാഹരണമാണെന്നാണ് കരുതുന്നത്. ഇന്തോ-പാക് യുദ്ധം ഒന്നിച്ച് പദ്ധതികൾ രൂപീകരിക്കുന്നതിന്റെയും, പരിശീലിക്കുന്നതിന്റെയും, പോരാടുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കി തന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേഷ്യയുടെ ചരിത്രവും ഭൂപ്രകൃതിയും മാറ്റിമറിച്ച 1971 ലെ യുദ്ധത്തിൽ വിജയിച്ച ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം പാക് സൈന്യത്തിന് എതിരെ മാത്രമല്ല, മറിച്ച നീതിയ്‌ക്കും, ന്യായത്തിനും വേണ്ടിയുള്ള പോരാട്ടം കൂടിയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Comments