ലക്‌നൗ: വാരാണസിയിൽ ഗംഗാ ആരതിയ്‌ക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശാശ്വമേധിലാണ് ചടങ്ങുകൾ നടന്നത്. കാശിയിലെ ഗംഗാ ആരതി എപ്പോഴും ആന്തരിക ആത്മാവിൽ പുതിയ ഊർജ്ജം പകരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിച്ച ശേഷമായിരുന്നു ചടങ്ങ്.
ഗംഗാ ആരതിയ്‌ക്ക് ഏറ്റവും പേരുകേട്ട ഇടമാണ് വാരാണാസി. മൺ ചിരാതിൽ ദീപങ്ങളൊരുക്കി ഗംഗാദേവിയെ ആരാധിച്ച് പൂജിക്കുന്ന ചടങ്ങാണ് ഗംഗാ ആരതി. ഈ ചടങ്ങിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മന്ത്രോച്ചാരണങ്ങളോടെ ഗംഗാ നദിയെ ഉഴിയുന്ന ഈ ചടങ്ങ് നീണ്ടു നിൽക്കുന്ന മണി നാദങ്ങളുടെ അകമ്പടിയോടെയാണ് നടക്കുന്നത്. നഗരത്തിൽ ഇന്ന് ശിവദീപോത്സവം ആഘോഷിക്കുകയാണ്. ഗംഗാഘട്ടിൽ നടന്ന ലേസർ ലൈറ്റ് ഷോയ്‌ക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി വാരാണാസിയിൽ എത്തിയത്. പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചതിലൂടെ ഭാരതത്തിന്റെ നീണ്ട കാത്തിരിപ്പാണ് പ്രധാനമന്ത്രി സഫലമാക്കിയത്. നിർമ്മാണം വേഗത്തിലാക്കിയ തൊഴിലാളികളേയും പ്രധാനമന്ത്രി ആദരിച്ചിരുന്നു. കാശിയുടെ പൗരാണികതയും സൗന്ദര്യവും പൂർണമായും നിലനിർത്തിക്കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്.
നിർമ്മാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ രൂപം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. ഉത്തർപ്രദേശിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്തുള്ള മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്നതാണ് കാശി-വിശ്വനാഥ ഇടനാഴി. 399 കോടി ചെലവിലാണ് ആദ്യഘട്ട പദ്ധതി പൂർത്തിയാക്കിയത്.
Comments