തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. നേതാക്കളുടെ ബന്ധുക്കളെയും പാർട്ടിക്കാരെയും എംഎൽഎമാരുടെ ഭാര്യമാരെയും തിരുകി കയറ്റി സംസ്ഥാനത്തെ സർവ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം പരാജയപ്പെട്ടു. സർവകലാശാല വിഷയത്തിൽ ഗവർണ്ണറുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ല. ബന്ധുനിയമനങ്ങളും പാർട്ടിയുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമവുമാണ് സംസ്ഥാനത്തെ സർവകലാശാലകളിൽ നടക്കുന്നതെന്നും യുവമോർച്ച ആരോപിച്ചു.
സർവ്വകലാശാല ചാൻസിലർ ആയ ഗവർണർക്ക് പോലും ഇത്തരത്തിൽ പ്രതികരിക്കേണ്ട സാഹചര്യം പിണറായി സർക്കാർ സൃഷ്ടിച്ചു. ഇത് മൂന്നരകോടി വരുന്ന സംസ്ഥാനത്തെ ജനങ്ങളെ നാണംകെടുത്തുന്നതാണ്. കഴിഞ്ഞ ആറുവർഷം പൊതു വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെട്ടെന്ന് സർക്കാർ വീമ്പു പറയുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
ഓരോ അദ്ധ്യായന വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അയൽ സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യസത്തിനായി പോകുന്നത്. ഈ സർക്കാരിന്റെ കാലത്ത് നടന്ന സർവ്വകലാശാല നിയമനത്തിൽ 98 ശതമാനവും പാർട്ടിക്കാരും നേതാക്കളുടെ ഭാര്യമാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, സംസ്ഥാന സമിതി അംഗം വീണ, പാപ്പനംകോട് നന്ദു, അഭിജിത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻഞ്ചിത്, കുളങ്ങരകോണം കിരൺ, ചൂണ്ടിക്കൽ ഹരി, രാമേശ്വരം ഹരി, കവിത സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
















Comments