ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജ്ജുൻ നായകനായ ചിത്രം ‘പുഷ്പ’യുടെ നിർമ്മാണ കമ്പനിക്കെതിരേ പോലീസ് കേസെടുത്തു. കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ചിത്രത്തിന്റെ പ്രമോഷൻ ഷോ നടത്തിയതിനാണ് നിർമ്മാണ കമ്പനിക്കെതിരേ ഹൈദരാബാദ് പോലീസ് കേസെടുത്തത്.
മൈത്രി മൂവി മേക്കേഴ്‌സ് എന്ന സിനിമ കമ്പനിക്കെതിരേയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് യൂസുഫ്ഗുഡ സ്പെഷ്യൽ പോലീസ് ഫസ്റ്റ് ബറ്റാലിയൻ ഗ്രൗണ്ടിൽവെച്ച് 15,000 പേരെ പ്രവേശിപ്പിച്ച് പുഷ്പയുടെ പ്രമോഷൻ ഷോ നടന്നത്. പരിപാടിയിൽ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അല്ലു അർജുനും മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പുഷ്പ.ഡിസംബർ 17 ന് ആണ് സിനിമ റീലിസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒടിടി ഡിജിറ്റൽ റൈറ്റ്സുകളിലൂടെ 25 കോടി ലഭിച്ചത് വലിയ വാർത്തയായിരുന്നു.
ആര്യ,ആര്യ 2 എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലുവും സംവിധായകൻ സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.സിനിമയിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ബൻവാർ സിംഗ് ഷേഖാവത്ത് ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഗാനത്തിൽ പുരുഷന്മാരെ മോശക്കാരാക്കി കാണിക്കന്നുവെന്നാരോപിച്ചാണ് പരാതി ഉയർന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ഇത് വരെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.
















Comments