മുംബൈ: ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാന താരമായി മാറിയ ഭാവിന പട്ടേലിന് പ്രത്യേക സമ്മാനവുമായി എംജി മോട്ടോഴ്‌സ്. ഭാവിനയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എംജി ഹെക്ടർ എസ്.യു.വിയാണ് നിർമ്മാതാക്കൾ താരത്തിന് സമ്മാനിച്ചത്. ഇന്റർനെറ്റ് കണക്ടഡായ എസ്.യു.വി, എംജിയുടെ ടെക്നിക്കൽ വിഭാഗം മേധാവി ജയന്താ ദേബ് ആണ് ഭാവിനയ്‌ക്ക് കൈമാറിയത്.
സാധാരണ ഹെക്ടറിൽ നിന്നും വ്യത്യസ്തമായാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിൽ, കൈകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന ലിവറിലാണ് ആക്‌സിലറേറ്ററിന്റെയും, ബ്രേക്കിന്റയും പ്രവർത്തനം എന്ന് എംജി മോട്ടോഴ്‌സ് അറിയിച്ചു. ഭാവിനയ്‌ക്ക് സുരക്ഷിതവും ഉല്ലാസകരവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പ് വരുത്താൻ അനേകം മാറ്റങ്ങളും പ്രത്യേകമായി നിർമ്മിച്ച ഹെക്ടറിൽ വരുത്തിയിട്ടുണ്ട്. വഡോദര മാരത്തണുമായി സഹകരിച്ചാണ് എംജി മോട്ടോഴ്‌സ് വാഹനത്തിന് രൂപമാറ്റം വരുത്തിയത്.
‘എന്റേത് എന്ന് പൂർണമായി വിളിക്കാൻ സാധിക്കുന്ന, എനിക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ഒരു വാഹനം സമ്മാനിച്ച എംജി മോട്ടോഴ്‌സിന് നന്ദി. ഏറെ സന്തോഷമുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച വഡോദര മാരത്തണിനോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു’ വാഹനം ഏറ്റുവാങ്ങിയ ഭാവിന പറഞ്ഞു.

ഫെബ്രുവരി 11നാണ് ഹെക്ടറിന്റെ നവീകരിച്ച പതിപ്പ് എംജി മോട്ടോഴ്‌സ് പുറത്തിറക്കിയത്. ഐ-സ്മാർട്ട് സംവിധാനത്തോടു കൂടിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇത് ഇംഗ്ലീഷ് കൂടാതെ ഹിംഗ്ലീഷ്(ഹിന്ദി-ഇംഗ്ലീഷ്) വോയ്സ് കമാൻഡുകൾ പിന്തുണയ്‌ക്കുന്ന. വാഹനത്തിന്റെ സൺറൂഫ് തുറക്കുക, താപനില ക്രമീകരിക്കുക, നാവിഗേഷൻ സജ്ജീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ കാറിന്റെ സിസ്റ്റത്തോട് കമാൻഡ് ചെയ്യാൻ ഇത് സഹായകരമാണ്.
പെട്രോൾ-ഡീസൽ എഞ്ചിനുകൾക്കൊപ്പം ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലാണ് എം.ജി. ഹെക്ടർ എത്തുന്നത്. 141 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 168 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക്, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും ഹെക്ടറിൽ നൽകിയിട്ടുണ്ട്.
എംജി മോട്ടോഴ്‌സിന് പുറമെ, ടാറ്റാ മഹീന്ദ്ര, റെനോ എന്നീ വാഹന നിർമ്മാതാക്കളും 2020 ടോക്കിയോ ഒളിംപിക്‌സ്, പാരാലിമ്പിക്‌സ് മത്സരത്തിൽ വിജയം കൈവരിച്ച താരങ്ങൾക്ക് കാറുകൾ സമ്മാനിച്ചിട്ടുണ്ട്.
















Comments