വയനാട്: കുറുക്കൻമൂലയിൽ 16 ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കടുവയ്‌ക്കായുള്ള തിരച്ചിലിനായി കുങ്കി ആനകളെ എത്തിച്ചു. മുത്തങ്ങയിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളെയാണ് എത്തിച്ചിരിക്കുന്നത്. കൂടാതെ, പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ആരംഭിച്ചു.
നേരത്തെ സ്ഥാപിച്ച അഞ്ച് കൂടുകൾക്ക് പുറമെ, പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയും കടുവ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിലാണ്. ഇതിന് പുറമെ പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാത്രി സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. കടുവയെ മയക്കുവെടി വെയ്‌ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ 16 ദിവസങ്ങളായി 15 വളർത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
കുറുക്കൻമൂലയിലും, പരിസര പ്രദേശങ്ങളിലും രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കളക്ടർ ആർ ശ്രീലക്ഷമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. കടുവയെ പിടികൂടാനായി വനത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
















Comments