കൊച്ചി: സംസ്ഥാനത്തെ റോഡുകൾ തകരുന്നതിൽ എഞ്ചിനീയർമാരെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടതി. റോഡ് നന്നാക്കാൻ അറിയാത്ത എഞ്ചിനീയർമാർ എന്തിനാണെന്ന് ഹൈക്കോടതി വിമർശിച്ചു. റോഡ് പൊളിഞ്ഞ് നശിക്കുന്നത് വരെ എഞ്ചിനീയർമാർ എവിടെയാണെന്നും മേസ്തിരി എന്നല്ല എഞ്ചിനീയർ എന്നാണ് നിങ്ങലെ വിളിക്കുന്നതെന്ന് മറക്കരുതെന്നും കോടതി വിമർശിച്ചു.
റോഡുകളുടെ അവസ്ഥ സംബന്ധിച്ചുള്ള കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. റോഡുകൾ തകരുന്നതിൽ എഞ്ചിനീയർമാർ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. എഞ്ചിനീയർമാർ അറിയാതെ അഴിമതി നടക്കില്ല. നൂറ് രൂപ നിർമ്മാണത്തിന് ചെലവഴിക്കുമ്പോൾ 50 രൂപയെങ്കിലും റോഡിൽ ചെലവാകേണ്ടെയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് പരാമർശങ്ങൾ.
മലേഷ്യൻ എൻജിനീയർ നിർമ്മിച്ച പാലക്കാട്-ഒറ്റപ്പാലം റോഡുകൾ ഇപ്പോഴും നല്ലരീതിയിൽ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. റോഡുകളെ കുറിച്ചുള്ള പരാതികൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ കോടതി അവസരം നൽകിയിരുന്നു. സംസ്ഥാനത്തെ 49 റോഡുകളെ കുറിച്ച് ജനങ്ങൾ പരാതിപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
പരാതി അറിയിച്ച് എത്തിയ എല്ലാ കത്തുകളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാർ അഭിഭാഷകനെ കാണിച്ചു. എഞ്ചിനീയർമാരെക്കുറിച്ചും കരാറുകാരെ കുറിച്ചും പരാതിപ്പെട്ടവരുണ്ട്. കിഴക്കമ്പലം നെല്ലാർ റോഡ് ഉടൻ നന്നാക്കണം. അല്ലെങ്കിൽ റോഡ് നിർമ്മിച്ച എഞ്ചിനീയറെ തിങ്കളാഴ്‌ച്ച നേരിട്ട് വിളിച്ച് വരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു.
Comments