ജയ്പൂർ: ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സ്‌ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. ഒരു കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ എട്ടിനാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാകുന്നത്.
‘ഹെലികോപ്ടർ അപകടത്തിൽ നമുക്ക് നഷ്ടമായ വീരപുത്രൻ സ്‌ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകും. ഭാര്യക്ക് സർക്കാർ ജോലി നൽകുന്നതും പരിഗണനയിലുണ്ട്’ അശോക് ഗെഹ്ലോട്ട് അറിയിച്ചു. അപകടത്തിൽപ്പെട്ട ഹെലികോപ്ടർ മി 17വി5ന്റെ സഹ-പൈലറ്റ് കൂടിയായിരുന്നു കുൽദീപ്.
അപകടസമയം കുൽദീപിന്റെ ഭാര്യ യശ്വിനി ഗർഭിണിയായിരുന്നു. ശനിയാഴ്‌ച്ചയാണ് പൂർണ്ണ സൈനിക ബഹുമതികളോടെ കുൽദീപിന്റെ ഭൗതികദേഹം സംസ്‌കരിച്ചത്. രാജസ്ഥാൻ സ്വദേശിയായ കുൽദീപ് സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
















Comments