വയനാട്: കുറുക്കൻമൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്. വനപ്രദേശത്ത് അലഞ്ഞുതിരിയുന്ന കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിലേറ്റ മുറിവ് ചിത്രത്തിൽ കാണാനാകും. കടുവയെ പിടിക്കാൻ ഒരുക്കിയ കുടുക്കിൽപ്പെട്ടാണ് മുറിവേറ്റതെന്നാണ് സൂചന.
ഒരുമാസത്തോളമായി കടുവശല്യത്തിൽ വലയുകയാണ് കുറുക്കൻമൂലയിലെ ജനങ്ങൾ. നാട്ടുകാർ ഹൈവെ ഉപരോധവും വനംവകുപ്പ് ഓഫീസ് ഉപരോധവും നടത്തിയിരുന്നു. കടുവയെ പിടികൂടാനായി അഞ്ചിടത്തായി കൂടും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിൽ കുങ്കി ആനയേയും എത്തിച്ചുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയും കടുവ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ജനങ്ങൾ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. കടുവയെ മയക്കുവെടി വെയ്‌ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ 16 ദിവസങ്ങളായി 15 വളർത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
കുറുക്കൻമൂലയിലും, പരിസര പ്രദേശങ്ങളിലും രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കളക്ടർ ആർ ശ്രീലക്ഷമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
















Comments