കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എംഎസ്എഫ്. ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുകൂട്ടർക്കും ഒരേപോലെയുള്ള യൂണിഫോം കൊണ്ടുവരിക എന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അതേസമയം പദ്ധതിക്കെതിരെ എംഎസ്എഫ് വലിയ വിമർശനമാണ് ഉയർത്തുന്നത്. പദ്ധതി വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശേരി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലിനെ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നേതൃത്വം നിവേദനവും നൽകിയിട്ടുണ്ട്.
പെൺകുട്ടികളുടെ സ്‌കൂൾ ആണെങ്കിലും ഹയർ സെക്കന്ററി വിഭാഗത്തിൽ ആൺകുട്ടികളും പഠിക്കുന്നുണ്ട്. പുതിയതായി വരുന്ന പ്ലസ് വൺ ബാച്ചിലാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഈ ബാച്ചിൽ പ്രവേശനം നേടിയിരിക്കുന്ന 260 കുട്ടികളും ഒരേ യൂണിഫോമിൽ അടുത്ത ദിവസം മുതൽ സ്‌കൂളിൽ എത്തും. എന്നാൽ കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമാണിതെന്നുമാണ് എംഎസ്എഫിന്റെ ആരോപണം.
ആൺകുട്ടികളുടെ വേഷം പെൺകുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എംഎസ്എഫിന്റെ പ്രസ്താവനയിൽ പറയുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ദുരൂഹതയുണ്ട്. സ്ത്രീകൾക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തിൽ അതിന്റെ പ്രതിവിധികളെ കുറിച്ചുള്ള ആലോചനകൾക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ്എസ്എഫ് ആരോപിക്കുന്നു. എന്നാൽ ചില കോണുകളിൽ നിന്ന് മാത്രമാണ് എതിർപ്പ് ഉയരുന്നതെന്നും ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളും, രക്ഷിതാക്കളും നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നതെന്നും സ്‌കൂൾ അധികൃതർ പറയുന്നു.
















Comments