കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായില്ല. കെ.വി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ കെ.വി ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ഹാജരാകാഞ്ഞത്. നോട്ടീസ് ലഭിച്ചത് വൈകിയതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷിച്ചു. ഇന്ന് ഹാജരാകാത്തവരോട് 22ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും. അതേസമയം ജയിലിലുള്ള പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. ജാമ്യത്തിലിറങ്ങിയ മൂന്ന് പേർ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരായി. അവർക്ക് ജാമ്യത്തിൽ തുടരാനുള്ള അനുമതിയും കോടതി നൽകി. കേസിൽ ആകെ 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെ അറസ്റ്റ് ചെയ്തിരുന്നു.
രാഘവൻ വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവരാണ് നേരിട്ട് ഹാജരായത്. രാഘവൻ വെളുത്തോളിക്കും ഇന്ന് ജാമ്യം അനുവദിച്ചു. ജയിലിൽ കഴിയുന്ന പ്രതികളെല്ലാം വീഡിയോ കോൺഫറൻസിങ് വഴി ഹാജരായി.
കേസിലെ പ്രധാന പ്രതി സന്ദീപ് ഇപ്പോൾ ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിയ്‌ക്കാനുള്ള ശ്രമം സിബിഐ തുടങ്ങിയിട്ടുണ്ട്. ഈ മാസം മൂന്നിനാണ് പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിപിഎം നേതാവ് പീതാംബരനാണ് ഒന്നാം പ്രതി. കൊലപാതകം, ഗൂഢാലോചന, ആയുധം ഉപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
Comments