ന്യൂഡൽഹി: റുപേ ഡെബിറ്റ് കാർഡ്, ഭീം യുപിഐ എന്നിവ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. പദ്ധതിക്ക് ഏകദേശം 1,300 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന്റെ (എംഡിആർ) ഭാഗമായി വ്യക്തികൾ വ്യാപാരികൾക്ക് നടത്തുന്ന ഡിജിറ്റൽ പണമിടപാടുകളിൽ ഈടാക്കുന്ന ഇടപാട് ചാർജുകൾ സർക്കാർ തിരികെ നൽകുമെന്ന് പദ്ധതിയെ കുറിച്ച് കൂടുതൽ വിശദീകരിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ കൂടുതൽ ആളുകൾ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് നീങ്ങുന്നതിനായി സർക്കാർ ഏകദേശം 1,300 കോടി രൂപ നിക്ഷേപിക്കും വൈഷ്ണവ് പറഞ്ഞു. 7.56 ലക്ഷം കോടി രൂപ മൂല്യമുള്ള 423 കോടി ഡിജിറ്റൽ ഇടപാടുകളാണ് നവംബറിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായിക ഉൽപ്പാദനത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ രാജ്യത്തെ ഒരു ഇലക്ട്രോണിക്സ് ഹബ് ആക്കുകയെന്ന ലക്ഷ്യത്തോടെ സെമി കണ്ടക്ടർ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിനും (പിഎൽഐ) കാബിനറ്റ് അനുമതി നൽകി.
സെമികണ്ടക്ടറുളുടെയും ഡിസ്‌പ്ലേ നിർമ്മാണത്തിന്റെയും അന്തരീക്ഷം ഒരുക്കുന്നതിന് വലിയ പദ്ധതിക്ക് അനുമതി ലഭിച്ചു. 76,000 കോടി രൂപ ഈ പദ്ധതിക്കായി 6 വർഷത്തിനുള്ളിൽ ചെലവഴിക്കുമെന്നും അനുരാഗ് താക്കൂർ അറിയിച്ചു.
2021-26ൽ പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന നടപ്പാക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച മറ്റൊരു പദ്ധതി. 2.5 ലക്ഷം എസ്സി, 2 ലക്ഷം എസ്ടി കർഷകർ ഉൾപ്പെടെ 22 ലക്ഷത്തോളം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Comments