ദുബായ്:സൗന്ദര്യം യഥാർത്ഥത്തിൽ മനസിലാണെന്നാണ് പറയപ്പെടുന്നത്. തടിച്ചതോ മെലിഞ്ഞതോ ആയാലും കറുത്തതോ വെളുത്തതോ ആയാലും ആരോഗ്യത്തോടെ ഇരുന്നാൽ മതി. എന്നാൽ നമ്മുടെ ശരീരാരോഗ്യത്തിന് പൊണ്ണത്തടി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പലരും മടി കാരണവും പലവിധ കാരണങ്ങളും പറഞ്ഞ് പൊണ്ണത്തടി കുറയ്‌ക്കുന്നതിൽ വിമുഖത കാണിക്കുന്നു. എന്നാൽ കുറയ്‌ക്കുന്ന ഒരോ കിലോയ്‌ക്കും 10,000 രൂപ വെച്ച് അങ്ങോട്ട് തന്നാലോ..എന്നാൽ ഒരു കൈ നോക്കാമെന്നാണല്ലേ.
ഇപ്പോൾ ജനങ്ങളുടെ ശരീരഭാരം കുറയ്‌ക്കാൻ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് യുഎഇ തിങ്കളാഴ്ച പ്രഖ്യാപിച്ച ഒരു പുതിയ കോണ്ടസ്റ്റിന്റെ ഭാഗമായി ശരീരഭാരം കുറയ്‌ക്കുന്നവർക്ക് സമ്മാനമായി നല്ലൊരു തുക ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ‘ആർഎകെ ബിഗ്ഗെസ്റ്റ് വെയിറ്റ് ലൂസർ ചലഞ്ച്’ (RAK Biggest Weight Loser Challenge’ (RBWL)) എന്ന മത്സരത്തിൽ പങ്കെടുത്ത് പരാജയപ്പെടുന്നവർക്ക് പോലും കുറയുന്ന ഓരോ കിലോയ്‌ക്കും 500 ദിർഹം വെച്ച് പാരിതോഷികം ലഭിക്കും.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആർഎകെ ആശുപത്രിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 10 ആഴ്ചത്തെ മത്സരം ഡിസംബർ 17 ന് ആരംഭിച്ച് 2022 മാർച്ച് 4 ന് ‘ലോക പൊണ്ണത്തടി ദിനത്തിൽ’ (World Obesity Day) അവസാനിക്കും. യുഎഇയിലുടനീളമുള്ള മൂവായിരത്തിലധികം ആളുകളിൽ നിന്നുള്ള പങ്കാളിത്തം മത്സരത്തിൽ ഉണ്ടാകുമെന്നാണ് സംഘാടകർ കരുതുന്നത്. ഈ മത്സരം ഫിസിക്കൽ, വെർച്വൽ, കോർപ്പറേറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നടത്തുന്നത്.
മത്സരത്തിൽ പങ്കെടുക്കാനുള്ളവരുടെ തൂക്കം ഡിസംബർ 17-19 തീയതികളിൽ രേഖപ്പെടുത്തുന്നതോടെ മത്സരത്തിന് തുടക്കമാവും. പങ്കെടുക്കുന്നവരുടെ ഭാരവും മറ്റ് സുപ്രധാന പാരാമീറ്ററുകളും അളക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ഡോക്ടർമാർ, നഴ്‌സുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുണ്ടായിരിക്കുമെന്നാണ് വിവരം.
ക്യാഷ് പ്രൈസ്, അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്ര, ഹോളിഡേ പാക്കേജുകൾ, ഡൈനിംഗ് വൗച്ചറുകൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലുമുള്ള വിജയികളെ അവാർഡ് ദാന ചടങ്ങിൽ ആദരിക്കും. ആദ്യ രണ്ട് വിഭാഗങ്ങളിൽ ഓരോന്നിലും ഒരു പുരുഷനും ഒരു സ്ത്രീയും, മൂന്നാമത്തെ വിഭാഗത്തിൽ ഒരാൾഎന്നിങ്ങനെ ആകെ അഞ്ച് വിജയികൾ ഉണ്ടായിരിക്കും
Comments