അഹമദാബാദ്: ഗുജറാത്തിൽ മദ്യനിരോധനം നീക്കുമെന്ന കോൺഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കിയുടെ പ്രസ്താവന വിവാദമാകുന്നു. അഹമ്മദാബാദിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിലാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. തന്റെ പാർട്ടി അടുത്ത വർഷം അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് മദ്യനിരോധനം പിൻവലിക്കുമെന്നും, അതുവഴി ആളുകൾക്ക് ശൈത്യകാലത്ത് തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ കഴിയുമെന്നും പറഞ്ഞു.
കോൺഗ്രസ് ദേശീയ വക്താവ് രോഹൻ ഗുപ്ത ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ചടങ്ങിൽ ഭരത് സിംഗ് സോളങ്കി പങ്കെടുത്തിരുന്നു. സമ്പന്നർ നല്ല നിലവാരമുള്ള മദ്യം കഴിച്ചാൽ കുഴപ്പമില്ലെന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും വിശ്വസിച്ചിരുന്നതായും ഭരത് സോളങ്കി കൂട്ടിച്ചേർത്തു. എന്നാൽ പാവപ്പെട്ടവർ തങ്ങളുടെ പണം മദ്യത്തിനായി ചെലവഴിക്കുന്നുവെങ്കിൽ അത് തികച്ചും തെറ്റാണ്.
അതിനാൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ മദ്യനിരോധനം പിൻവലിക്കും. എന്നാൽ ഗുജറാത്തിലെ സ്ത്രീകൾ ഇത് അംഗീകരിച്ചാൽ മാത്രമേ ഇത് നടപ്പാക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾ സമ്മതിച്ചില്ലെങ്കിൽ നിരോധനം പിൻവലിക്കില്ല.
നോട്ട് നിരോധനത്തിലൂടെ ബിജെപി പണം സമ്പാദിക്കുകയാണെന്നും സോളങ്കി ആരോപിച്ചു. നിരോധനം ഉണ്ടായിട്ടും സംസ്ഥാനത്ത് മദ്യം ലഭ്യമാണെന്നും ബിജെപിയുടെ ഒത്താശയോടെയാണ് മദ്യക്കടത്തുകാരും കൂട്ടുനിന്ന് പണമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധനം മൂലം സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്നും മദ്യനിരോധനത്തിന്റെ പേരിൽ പോലീസും രാഷ്‌ട്രീയക്കാരും കോടികളുടെ അഴിമതിയാണ് നടത്തുന്നതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ സോളങ്കി പറഞ്ഞു.
എന്നാൽ ഗുജറാത്ത് ഗാന്ധിയുടെ നാടാണെന്നും അവിടെ നിരോധനം തുടരുമെന്നും സംസ്ഥാന മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു. നിരോധന നയത്തിലും അത് നടപ്പാക്കുന്നതിലും ഗുജറാത്ത് മന്ത്രിസഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments