തൃശ്ശൂർ: കെ റെയിൽ പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തൃശ്ശൂർ കുന്നംകുളം അയിനൂർ കാട്ടകാമ്പാലിലാണ് ഇന്നലെ പ്രതിഷേധം ഉയർന്നത്. പദ്ധതി നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായെത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
ശക്തമായ ജനരോഷം ഉയർന്നതോടെ നടപടികൾ ആരംഭിക്കാനാവാതെ ഉദ്യോഗസ്ഥർ മടങ്ങി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിഷേധ ധർണ്ണ ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് ഉദ്ഘാടനം ചെയ്തു.
അതിനിടെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ തന്നെയാണ് സംസ്ഥാന സർക്കാർ. പദ്ധതിയ്‌ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തള്ളിക്കളഞ്ഞ് കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി അജിത് കുമാർ രംഗത്തുവന്നു. പദ്ധതിയുടെ ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്(ഡിപിആർ) കെട്ടുകഥയാണെന്ന ഗുരുതര ആരോപണവുമായി പ്രാഥമിക സാധ്യതാപഠന സംഘത്തലവൻ ആലോക് വർമ രംഗത്തെത്തിയത് സംസ്ഥാന സർക്കാറിനെയും കെ റെയിൽ കമ്പനിയെയും വെട്ടിലാക്കിയിരുന്നു.
സ്ഥലം ഏറ്റെടുക്കൽ നടപടിയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തടഞ്ഞ് തിരിച്ചയക്കുകയാണ്. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പിൻമാറേണ്ടി വന്നു.
















Comments