തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന സമരത്തിൽ അയവ് വരുത്തി പിജി ഡോക്ടർമാർ.അത്യാഹിത വിഭാഗം ബഹിഷ്‌കരിച്ചുള്ള സമരം പിജി ഡോക്ടർമാർ അവസാനിപ്പിച്ചു.ഇന്ന രാവിലെ എട്ട് മണി മുതൽ ഡോക്ടർമാർ ഡ്യൂട്ടിക്ക് കയറി തുടങ്ങി. അതേസമയം ഒപി,വാർഡ് ഡ്യൂട്ടികൾ ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അസോസിയേഷന്റെ തീരുമാനം. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കും. അഞ്ച് ദിവസമാണ് എമർജൻസി ഡ്യൂട്ടികൾ ബഹിഷ്‌കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തത്.
ഇന്നലെ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലുണ്ടായ അനുകൂല സമീപനം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡോക്ടർമാർ കൂട്ടിച്ചേർത്തു.
സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി ഇന്ന് ആരോഗ്യവകുപ്പിന്റ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ചർച്ച നടത്തും. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്കാണ് ചർച്ച. സ്‌റ്റൈപ്പൻഡ് വർധിപ്പിക്കണമെന്നും കൂടുതൽ നോൺ അക്കാദമിക്ക് റസിഡൻറ് ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചർച്ച. ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം വ്യക്തത നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.
കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ സ്‌റ്റൈപ്പന്റ് വർദ്ധന സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ പരിഗണിക്കാമെന്നും മെഡിക്കൽ കോളേജുകളിൽ അധികമുള്ള സീനിയർ റെസിഡന്റ്സുമാരെ ഒഴിവാക്കി കൂടുതൽ ജൂനിയർ റെസിഡന്റുമാരെ നിയമിക്കാം എന്നുമായിരുന്നും ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. ഇവ തൃപ്തികരമല്ലെന്നാണ് പിജി ഡോക്ടർമാരുടെ നിലപാട്. സ്‌റ്റൈപെൻഡ് വർദ്ധനയിൽ കുടുതൽ വ്യക്തതവേണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു
















Comments