ധാക്ക: വിമോചനയുദ്ധത്തിന്റെ ധീരസ്മരണയിൽ വീരബലിദാനികളെ അനുസ്മരിച്ച് ബംഗ്ലാദേശ്. രാജ്യതലസ്ഥാന നഗരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബംഗ്ലാദേശ് ഭരണാധികാരികൾക്കൊപ്പം യുദ്ധവീരന്മാർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ധാക്കയിലെ ദേശീയ പരേഡ് മൈതാനത്താണ് ചടങ്ങുകൾ നടന്നത്. ബംഗ്ലാദേശ് പ്രസിഡന്റങ് അബ്ദുൾ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവർ സൈനികരെ അഭിവാദ്യം ചെയ്തു. സൈനികരുടെ മാർച്ച് പാസ്റ്റും വ്യോമാഭ്യാസപ്രകടനവും ചടങ്ങിന്റെ ഭാഗമായി നടന്നു. രാജ്യത്തിന്റെ യുദ്ധവിജയത്തെ ഉയർത്തിക്കാട്ടുന്ന നിശ്ചല ദൃശ്യങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു.
1971ൽ അന്നത്തെ കിഴക്കൻ പാകിസ്താനെന്ന നിലയിൽ നിന്നും വിമോചനം നേടാനാണ് ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചത്. പാകിസ്താന്റെ കടന്നുകയറ്റത്തെ പതിന്മടങ്ങ് കരുത്തിൽ തിരിച്ചടിച്ച ഇന്ത്യൻ സൈന്യം പാക്‌സൈന്യത്തെ തകർത്ത് ബംഗ്ലാദേശിന് സ്വാതന്ത്ര്യം നൽകി. യുദ്ധവിജയത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും 50-ാം വാർഷികം വിപുലമായ പരിപാടികളോടെയാണ് ബംഗ്ലാദേശ് നടത്തുന്നത്.
രാജ്യം ഔദ്യോഗികമായി ഒരാഴ്ച നടത്തുന്ന ആഘോഷ പരിപാടിയിലാണ് ഇന്ത്യൻ സർവ്വസൈന്യാധിപനും കൂടിയായ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ പ്രത്യേകമായി ക്ഷണിച്ചത്. ധാക്കയിലെത്തിയ രാഷ്‌ട്രപതി രണ്ടു ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. ഇന്നലെ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹാമിദ് ഒരുക്കിയ വിരുന്നിലും രാഷ്‌ട്രപതി പങ്കെടുത്തു. ഇതിന് ശേഷം സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു.
Comments