ബംഗളൂരു : ഇന്ത്യയുടെ ആത്മനിർഭരതയ്‌ക്ക് കരുത്ത് പകർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്. തേജസ് എംകെ 1 എ യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കും. ഇതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറിലാണ് എച്ച്എഎൽ ഏർപ്പെട്ടിരിക്കുന്നത്.
യുദ്ധവിമാനങ്ങൾക്കായി 20 വിധത്തിലുള്ള സാങ്കേതിക ഉപകരണങ്ങളാണ് എച്ച്എഎൽ നിർമ്മിക്കുന്നത്. ഇതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായാണ് കരാർ. 2400 കോടി രൂപയാണ് സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാൻ കമ്പനി ചിലവിടുന്നത്. 2023 മുതൽ 28വരെയാണ് കരാർ കാലാവധി.
ലൈൻ റീപ്ലേസിബിൾ യുണിറ്റ്, ഫ്‌ളൈറ്റ് കൺട്രോൾ കമ്പ്യൂട്ടേഴ്‌സ്, നൈറ്റ് ഫ്‌ളൈയിംഗ് ലൈൻ റീപ്ലേസിബിൾ യൂണിറ്റ്‌സ് എന്നിവ തദ്ദേശീയമായി നിർമ്മിക്കുന്ന സാങ്കേതിക ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ആദ്യമായാണ് എച്ച്എഎൽ ഇത്രയും വലിയ ഒരു കരാറിൽ ഏർപ്പെടുന്നത്.
പുതിയ കരാർ എച്ച്എഎലും ബിഇഎല്ലും തമ്മിലുള്ള കൂട്ടായ പ്രവർത്തനത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്ന് എച്ച്എഎൽ സിഎംഡി ആർ മാധവൻ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് നിലവിൽ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. തദ്ദേശീയമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ എച്ച്എഎൽ എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്എഎല്ലുമായി കരാറിൽ ഏർപ്പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിഇഎൽ സിഎംഡി ആനന്ദി രാമലിംഗവും പ്രതികരിച്ചു.
















Comments