കൊച്ചി : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ. ഗോപിനാഥിനെ വീണ്ടും നിയമിച്ച നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക കൗൺസിൽ അംഗ ഡോ. ഷിനോ പി ജോസഫ് എന്നിവരാണ് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വിസി നിയമനത്തിനുള്ള പ്രായപരിധി മാനദണ്ഡങ്ങൾ ലംഘിച്ചും, സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയുമാണ് ഗോപിനാഥിനെ വീണ്ടും നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
വിസി പുനർനിയമനം ചട്ടങ്ങൾ മറികടന്നുകൊണ്ടുള്ളതല്ലെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നിയമനം നടന്നിരിക്കുന്നതെന്ന് ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 60 വയസ്സിന് മുകളിലാണ് വൈസ് ചാൻസിലറുടെ പ്രായം. സർവ്വകലാശാല നിയമന കാലാവധി നീട്ടുന്നതിന് പകരം പുനർനിയമനം നടത്തുകയാണ് ചെയ്തിരിക്കുന്നത്. യുജിസി മാനദണ്ഡങ്ങളുടെ നഗ്ന ലംഘനമാണ് നടന്നിരിക്കുന്നത്. അതിനാൽ പുനർനിയമനം റദ്ദാക്കണമെന്നും അപ്പീലിൽ പറയുന്നു. ഇന്നലെയാണ് ഇരുവരും പുനർനിയമനം ശരിവെച്ച ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയത്.
യുജിസി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പുനർനിയമനം ശരിവെച്ചത്. നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു. ഇതോടെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
















Comments