ചെന്നൈ: അനുജത്തിയുടെ വിവാഹത്തിന് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ തുടർന്നതോടെ യുവാവ് ജീവനൊടുക്കി. ഇതിന്റെ മനോവിഷമത്തിൽ ഇയാളുടെ 21 കാരിയായ ഭാര്യയും ജീവനൊടുക്കി. മധുര അവണിയാപുരത്താണ് സംഭവം. ശിവഗംഗ സ്വദേശിയായ പ്രസാദ്(23), ഭാര്യ മുത്തുമാരി(21) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
പ്രസാദിന്റേയും മുത്തുമാരിയുടേയും കുടുംബങ്ങളുടെ എതിർപ്പിനെ മറികടന്ന് ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. അവണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം പ്രസാദ് ശിവഗംഗയിലെ വീട്ടിലേക്ക് പോയിരുന്നു. അനുജത്തിക്ക് മുൻപ് വിവാഹം കഴിച്ചതിന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകൾ കേട്ടതിന്റെ പേരിൽ പ്രസാദ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മുത്തുമാരിയേയും കുഞ്ഞിനേയും മുത്തുമാരിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയിരുന്നു. ഭർത്താവിന്റെ മരണത്തിൽ ഏറെ മനോവിഷമത്തിലായിരുന്നു മുത്തുമാരി. പ്രസാദിന്റെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയും വച്ചാണ് മുത്തുമാരി തൂങ്ങി മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments