കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് വിജിലൻസ്. ബോർഡിലെ സീനിയർ എഞ്ചിനീയർ ജെ.ജോസ്‌മോന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും പിടിച്ചെടുത്തു. 1.97 കോടി രൂപയ്‌ക്ക് സ്ഥിര നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളിലായി 48 നിക്ഷേപങ്ങളിലായാണ് ഈ തുക ഇട്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ജോസ്‌മോന്റെ വീട്ടിൽ വിജിലൻസ് പരിശോധനയ്‌ക്ക് എത്തിയത്.
20 സെന്റ് സ്ഥലത്ത് 3500 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വീട്. വാഗമൺ ഭാഗത്ത് 7.5 സെന്റ് സ്ഥലവും റിസോർട്ടും, എഴുകോൺ ഭാഗത്ത് 12 സെന്റ് സ്ഥലവും ഇരുനിലകളിലായി 5 കടമുറികളും 2 ഫ്‌ളാറ്റുകളും, എഴുകോൺ ഭാഗത്ത് തന്നെ അഞ്ച് സെന്റ് സ്ഥലവും വീടും വ്യാപാര സമുച്ചയവും ഉണ്ട്. ഇതിന് പുറമെ 18 ലക്ഷവും അഞ്ച് ലക്ഷവും വില വരുന്ന രണ്ട് കാറുകളുമുണ്ട്. ലോക്കറിൽ 72 പവൻ സ്വർണവും, വീട്ടിൽ 40 പവൻ സ്വർണവും സൂക്ഷിച്ചിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിലും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും വൻ തുകയുടെ ഓഹരികളും ജോസ്‌മോന് സ്വന്തമായിട്ടുണ്ട്. ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 1.56 ലക്ഷം രൂപയുടെ നോട്ടുകൾ, 239 അമേരിക്കൻ ഡോളർ, 835 കനേഡിയൻ ഡോളർ, 4725 യുഎഇ ദിർഹം, ഖത്തർ റിയാൽ തുടങ്ങിയവയും ഇയാളുടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ ജോസ്‌മോൻ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ.എം.ഹാരിസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ജോസ്‌മോൻ.
Comments