കോഴിക്കോട്: ബാലുശ്ശേരി സ്‌കൂളിലെ യൂണിഫോമിനെ അനുകൂലിക്കുന്ന വനിതാ മന്ത്രിമാർ നിയമസഭയിൽ പാന്റ് ധരിച്ച് എത്തട്ടെയെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു പാൻറ് ഇടാൻ തയ്യാറാകണം. ജെൻഡർ ന്യൂട്രാലിറ്റി എന്ന പേര് പറഞ്ഞ് പെണ്ണുങ്ങളെ കൊണ്ട് ആണുകളുടെ വേഷം ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുരുഷാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് യൂണിഫോം മാറ്റത്തിലൂടെ നടക്കുന്നത്. വഖഫ് വിഷയത്തിൽ കോഴിക്കോട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ് സിപിഎം ഇപ്പോൾ പ്രകോപിതമാകുന്നത്. മുസ്ലീം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാവുന്നതാണ്. മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടുവിളിച്ചാൽ ഉണരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങൾ കൊണ്ട് മുസ്ലീം ലീഗിനെ തളർത്താമെന്ന് സിപിഎം കരുതേണ്ട. മുസ്ലീം ലീഗിന്റെ മതേതര മുഖം ആർക്കും തകർക്കാനാകില്ലെന്നും ലീഗിനെ അപവത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments