മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി; എ എം ഹാരിസിന് സസ്‌പെൻഷൻ

Published by
Janam Web Desk

കോട്ടയം: വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എ.എം.ഹാരിസിനെ സസ്‌പെൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായ ഹാരിസ് റിമാൻഡിലാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനാണ് ഹാരിസിനെ സസ്‌പെൻഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാൻ പാലാ പ്രവിത്താനം പി ജെ ട്രെഡ് ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങി എന്നതാണ് കേസ്.

ജോബിനോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സീനിയർ എൻവയോൺമെന്റ് എഞ്ചിനീയർ ജെ.ജോസ്‌മോനെ കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. രണ്ട് പേരുടേയും വീടുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയിരുന്നു. ഹാരിസും ജോസ്‌മോനും അനധികൃതമായി സ്വത്തു സമ്പാദിച്ചതിനെപ്പറ്റി വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നത ഉദ്യോഗസ്ഥർക്കും വിജിലൻസ് കോട്ടയം യൂണിറ്റ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഹാരിസിനും സീനിയർ എഞ്ചിനീയർ ജെ.ജോസ്മോനുമെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലൻസ് അന്വേഷണം നടക്കുകയാണ്.

Share
Leave a Comment