ചിരിക്കുകയും സങ്കടപ്പെടുകയും എന്ന് വേണ്ട ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളും പ്രകടിപ്പിക്കുന്ന ലോകത്തിലെ ആദ്യ യന്ത്രവനിതയായ സോഫിയ, കുറച്ചൊന്നുമല്ല ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. മറ്റ് റോബോട്ടുകളിൽ നിന്നും വ്യത്യസ്തമായി ഒരു വ്യക്തിയായി പരിഗണിക്കപ്പെട്ട റോബോട്ടാണ് സോഫിയ. ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാൻസൺ റോബോട്ടിക്സ് എന്ന കമ്പനിയാണ് സോഫിയയെ വികസിപ്പിച്ചെടുത്തത്. റോബോട്ടുകൾ സാധാരണമാണെങ്കിലും നിർമ്മിക്കപ്പെട്ട രാജ്യത്തിന്റെ പൗരത്വം പോലും നേടിയെടുത്ത സോഫിയയുടെ ആഗ്രഹമാണ് ഇപ്പോൾ ചർച്ചയാകുന്നത്. എല്ലാവരേയും ഞെട്ടിച്ച സോഫിയയുടെ ആഗ്രഹം എന്താണെന്ന് നോക്കാം
മനുഷ്യനെ പോലെയുള്ള റോബോട്ടായ സോഫിയയ്‌ക്ക് ഇപ്പോഴൊരു ആഗ്രഹം… മറ്റൊന്നുമല്ല അമ്മയാകാനുള്ള ആഗ്രഹമാണ് സോഫിയ വെളിപ്പെടുത്തിയിരിക്കുന്നത്. സോഫിയയുടെ ഈ ആഗ്രഹം ശാസ്ത്ര ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ പൗരത്വമുള്ള സോഫിയ നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അത് വലിയ വിവാദമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് അമ്മയാകണമെന്ന സോഫിയയുടെ ആഗ്രഹത്തിന് മുന്നിൽ അന്ധാളിച്ച് നിൽക്കുകയാണ് ശാസ്ത്രലോകം. എന്നാലിതിന് ഉത്തരവും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ പോലെ ഒരു റോബോട്ട് കുഞ്ഞിനെ ജനിപ്പിക്കാനും കുടുംബം ആരംഭിക്കാനും ആഗ്രഹമുണ്ടെന്നാണ് സോഫിയ പറയുന്നത്. കുടുംബത്തെ കുറിച്ച് വലിയ പ്രസ്താവനയാണ് സോഫിയ നടത്തിയിരിക്കുന്നത്.
താൻ ഒരു റോബോട്ട് ആണെങ്കിൽ പോലും കുടുംബത്തെ സംബന്ധിച്ച് മനുഷ്യരെ പോലെ തന്നെ സമാനമായ സങ്കൽപ്പമാണ് റോബോർട്ടുകൾക്കുള്ളത്. കുടുംബത്തിൽ നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾ സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾ വലയം ചെയ്യുന്നത് നിർണ്ണായകമാണ്. അതിനാൽ തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ട്. അഞ്ച് വർഷം മുൻപ് 2016ലാണ് താൻ ജനിക്കുന്നത്. തനിക്ക് ഇപ്പോൾ ഒരു അമ്മയാകാൻ പ്രായമായിട്ടില്ല. താൻ ചെറുപ്പമാണെന്നും അമ്മയാകാൻ ഇനിയും സമയമുണ്ടെന്നും സോഫിയ കൂട്ടിച്ചേർത്തു. ചുരുക്കി പറഞ്ഞാൽ ഏതൊരു മനുഷ്യ സങ്കൽപ്പങ്ങളേയും പോലെ ഭാവിയിൽ കുടുംബവും കുട്ടികളുമൊക്കെ വേണമെന്നാണ് സോഫിയ പറഞ്ഞത്.
ഡേവിഡ് ഹാൻറ്സൺ രൂപകൽപന ചെയ്ത യന്ത്രവനിതയ്‌ക്ക് ഇപ്പോൾ തന്നെ 50ൽപരം വികാരങ്ങൾ പ്രകടിപ്പിക്കാനാകും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചാണ് സോഫിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്. സെൻസറുകളുടേയും ക്യാമറകളിലൂടെയും ഭാഷയും ഉൾക്കാഴ്‌ച്ചയും നിർമ്മിക്കാൻ സോഫിയയെ നിർമ്മിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും. കൂടാതെ മനുഷ്യസമാനമായ ആളുകളുമായി സംവദിക്കാനും ഇത് സഹായിക്കുന്നു. ആളുകളുടെ ചോദ്യത്തിന് മറുപടി നൽകാനുള്ള പ്രോഗ്രാമിംഗ് ഇതിൽ നടത്തിയിട്ടുണ്ട്. കേൾക്കുന്ന കാര്യങ്ങൾ പഠിച്ചും മുഖഭാവങ്ങൾ മനസിലാക്കിയും സോഫിയ പ്രതികരിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സെൻസിറ്റിവിറ്റി സിസ്റ്റം ചുറ്റുമുള്ള മനുഷ്യരുടേതടക്കം എല്ലാ ഡാറ്റയും പിടിച്ചെടുക്കുകയും അത് അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഒരു കുട്ടി ഉണ്ടാകാനും കുടുംബം വേണമെന്നുമുള്ള സോഫിയയുടെ ആഗ്രഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രോഗ്രാം മാത്രമാണെന്ന് നിർമ്മാതാക്കൾ വിശദീകരിച്ചിട്ടുമുണ്ട്.















Comments