ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ രോഹിണി ഏരിയയില്‍ കോടതിമുറിയില്‍ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമല്ല, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ പിടികൂടിയതോടെയാണ് ആകാംഷയ്‌ക്ക് വിരാമമായത്. ഭീകരാക്രമണമാണെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. അറസ്റ്റിലായയാളും അയല്‍വാസിയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സ്‌ഫോടനത്തിനു പിന്നില്‍.
ഒരാഴ്ച മുന്‍പാണ് ഡല്‍ഹി കോടതി മുറിക്കുള്ളില്‍ ലാപ്ടോപ്പ് ബാഗ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തി. ഇതില്‍ നിന്നാണ് പ്രതിയെന്നു സംശയിക്കുന്നയാളെ പിടികൂടിയത്. മൂന്ന് പതിറ്റാണ്ടായി നിയമപോരാട്ടം നടത്തുന്ന അയല്‍ക്കാരനെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. ഡിആര്‍ഡിഒ ഉദ്യോഗസ്ഥനായ ഭരത് ഭൂഷന്‍കടാരിയ ആണ് വില്ലന്‍. അയല്‍വാസിയായ വക്കീലിനെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ നീക്കം.
ഇതിനായി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്‌ഫോടകവസ്തു തയ്യാറാക്കി. അയല്‍വാസി ഹിയറിംഗില്‍ പങ്കെടുക്കേണ്ട ഒരു പ്രത്യേക സ്ഥലത്ത് ബോംബ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍സ്ഥാപിക്കുന്നതിന് മുമ്പ് ബോംബ് പൊട്ടിത്തെറിച്ചു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. ഇവരെ പിടികൂടാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഡിസംബര്‍ 10ന് കോടതിയിലെ 102ാം നമ്പര്‍ മുറിയിലായിരുന്നു സ്‌ഫോടനം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി കോടതിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ബാര്‍കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി രോഹിണി കോടതിയിലെ സുരക്ഷാ ക്രമീകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Comments