തിരുവനന്തപുരം : വരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകരിൽ നിന്നും വിനോദ സഞ്ചാരികളിലും നിന്നുള്ള വരുമാനം ലക്ഷ്യമിട്ടാണ് നീക്കം. 300 ഏക്കർ ഭൂമി, 30 മുറികൾ വീതമുള്ള കെട്ടിടങ്ങൾ എന്നിവയാണ് ദേവസ്വം ബോർഡിന് വരണാസിയിൽ ഉള്ളത്.
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വന്നതോടെയാണ് ദേവസ്വം ബോർഡിന്റെ നീക്കം. ഇടനാഴി വന്നതിനാൽ വിശ്വനാഥ ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും ഇതിലൂടെ വരുമാനം കൂടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സാമ്പത്തിക നേട്ടത്തിനായി ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നത്. ഇതിനായി പ്രത്യേക സംഘത്തെ വരണാസിയിലേക്ക് ബോർഡ് അയക്കുമെന്നാണ് വിവരം. തീർത്ഥാടകർക്കായി കെട്ടിടങ്ങൾ നവീകരിക്കാനും പദ്ധതിയുണ്ട്. ഒരു കോടി രൂപയാണ് ഇതിന് ബോർഡ് ചിലവു കണക്കാക്കുന്നത്.
അധീനതയിലാണെങ്കിലും കെട്ടിടങ്ങളും ഭൂമിയും ബോർഡ് വേണ്ട രീതിയിൽ പരിപാലിക്കാറില്ല. ഇതേ തുടർന്ന് ഭൂമി കാട് കയറി നശിച്ചു. കെട്ടിടങ്ങളും ഏറെക്കുറെ നശിക്കാനായ നിലയിലാണ്. നാഥാനില്ലാതായതോടെ ബോർഡിന്റെ ഭൂമി ചിലർ കയ്യേറിയെന്നാണ് വിവരം. കെട്ടിടങ്ങളിലും അനധികൃത താമസമുണ്ട്. വരണാസിയ്‌ക്ക് രണ്ട് കിലോ മീറ്റർ ചുറ്റളവിലാണ് സ്ഥലമുള്ളത്. ഇതിൽ 22 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനുമാണ് നിലവിൽ അവകാശ രേഖയുള്ളത്.
തിരുവിതാംകൂർ രാജകുടുംബത്തിനും പ്രമുഖർക്കും കാശി വിശ്വനാഥ തീർത്ഥാനടത്തിന് വേണ്ടി രാജാവ് ശ്രീപദ്മനാഭന് നൽകിയതാണ് ഈ സ്ഥലം. രാജഭരണം അവസാനിച്ചപ്പോൾ ഇതെല്ലാം ദേവസ്വം ബോർഡിന് സ്വന്തമാകുകയായിരുന്നു.
Comments