കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്‌ക്ക് ഇക്കുറി മത്സരം നടക്കുന്നുണ്ട്. പ്രസിഡന്റിനെ ഉൾപ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പിനൊപ്പം ജനറൽ ബോഡിയും ഇന്ന് ചേരുന്നുണ്ട്. രാവിലെ പത്തിനാണ് പ്രസിഡൻറ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ജനറൽ ബോഡി ആരംഭിക്കുന്നത്. അമ്മയിൽ ഇതാദ്യമായാണ് ഔദ്യോഗികപാനലിനെതിരെ മത്സരം നടക്കുന്നത്.
മോഹൻലാലിന് പുറമെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോഹൻലാൽ തുടർച്ചയായ രണ്ടാം വട്ടമാണു പ്രസിഡന്റാകുന്നത്. ഇടവേള ബാബു 7 ടേമുകളായി 21 വർഷം തുടർച്ചയായി ഭരണ തലപ്പത്തുണ്ട്. ദീർഘകാലം സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിലെ ജനറൽ സെക്രട്ടറിയാണ്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കായി മൂന്ന് പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പാനലിന്റെ ഭാഗമായി ശ്വേത മേനോനും ആശാ ശരത്തും മത്സരിക്കും. ഇതിന് പുറമെ മണിയൻ പിള്ള രാജു അപേക്ഷ സമർപ്പിച്ചതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. മുകേഷും ജഗദീഷും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും വോട്ടെടുപ്പു നടക്കും. 14 പേരാണു പത്രിക നൽകിയിട്ടുള്ളത്. ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, ബാബുരാജ് , നിവിൻ പോളി, സുധീർ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മി എന്നിവരാണ് ഔദ്യോഗിക പാനലിൽ. ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവരാണ് പാനലിന് പുറത്ത് നിന്നും മത്സര രംഗത്തുള്ളത്. ഉച്ചയ്‌ക്ക് ശേഷം വിജയികളെ പ്രഖ്യാപിക്കും.
















Comments