ന്യൂഡൽഹി: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ഒരാൾ വെന്തുമരിച്ചു. നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ബാറ്ററി പൊട്ടിത്തെറിച്ചപ്പോഴുണ്ടായ തീ വീട്ടിലേക്ക് ആളിപ്പടരുകയായിരുന്നു. ഗുരുഗ്രാം സ്വദേശിയായ സുരേഷ് സഹുവാണ് (60) മരണപ്പെട്ടത്. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സുരേഷിന്റെ ഭാര്യ റീന, മക്കളായ മനോജ്, സരോജ്, അനുജ് എന്നിവർക്കാണ് പൊള്ളലേറ്റത്. രാത്രി വീടിനുള്ളിൽ ഇവരുടെ ഇലക്ട്രിക് സ്‌കൂട്ടർ ചാർജ് ചെയ്യാൻ വെച്ച ശേഷം കുടുംബാംഗങ്ങൾ അഞ്ച് പേരും ഒരേ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ചാർജിങ്ങിനിടെ അമിതമായി ചൂടായ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കുടുംബാംഗങ്ങൾ ഉപയോഗിച്ച ബെഡ്ഷീറ്റിൽ തീ പിടിക്കുകയും വീട് മുഴുവൻ ആളിപ്പടരുകയുമായിരുന്നു.
ശബ്ദം കേട്ട ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഒരുമണിക്കൂറോളം നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗുരുഗ്രാമിൽ ചായക്കട നടത്തുകയാണ് സുരേഷ്. മക്കളായ മനോജും സരോജും അതേ കടയിൽ ജോലി ചെയ്യുകയാണ്. അനുജ് വിദ്യാർത്ഥിയാണ്. ഇവർ ഉറങ്ങിയിരുന്ന മുറിയ്‌ക്ക് തൊട്ട് മുന്നിലാണ് വണ്ടിവെച്ചിരുന്നത്. മുറിയ്‌ക്കുള്ളിൽ നിന്നുമാണ് വാഹനം ചാർജ് ചെയ്തത്.
















Comments