ആലപ്പുഴ : പോപ്പുലർഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയോടെ തൃക്കുന്നപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിൽ ആകും സംസ്‌കാര ചടങ്ങുകൾ നടത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായ് രഞ്ജിത്തിന് അന്തിമോപചാരം അർപ്പിക്കും.
നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും വിലാപ യാത്രയായാണ് മൃതദേഹം കൊണ്ടുപോകുക. ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. ഇതിന് ശേഷമാകും സംസ്‌കാരചടങ്ങുകൾക്കായി മൃതദേഹം തൃക്കുന്നപുഴയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കും.
ഇന്നലെ രാവിലെയോടെയാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 12 പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.
















Comments