ആലപ്പുഴ: ഇരട്ട രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകൾ തമ്മിലുണ്ടായ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ പ്രശ്‌നമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കി.
വിമൽ എന്നയാൾക്കാണ് തലയ്‌ക്കും കാലിനും വെട്ടേറ്റത്. വിമലും ഇയാളെ ആക്രമിച്ച ബിനുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ബിനുവിന്റെ സഹോദരനെ മൂന്ന് മാസം മുൻപ് വിമൽ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വിമലിന് നേരെ ആക്രമണം ഉണ്ടായതെന്നും പോലീസ് പറയുന്നു.
അതേസമയം നിരോധനാജ്ഞ നിലനിൽക്കുമ്പോഴും ജില്ലയിൽ മറ്റൊരു ആക്രമണമുണ്ടായതോടെ പോലീസിനെതിരെ വിമർശനം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസവും എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പോലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് വിമർശനം. പോലീസിന്റെ കണ്ണു വെട്ടിച്ചാണ് മാരകായുധങ്ങളുമായി അക്രമിസംഘം നഗര ഹൃദയത്തിലുള്ള രഞ്ജിത്തിന്റെ വീട്ടിലെത്തിയത്. പോലീസ് നടപടി ഉണ്ടാകില്ലെന്ന ഉറപ്പിലാണ് എസ്ഡിപിഐ ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു.
















Comments