കൊച്ചി : കേരളം ഭീകരത വളരുന്ന മണ്ണായി മാറുന്ന കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ട് വരുന്നത് . എസ് ഡി പി ഐ നേതാവ് കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയതും സംസ്ഥാനത്തെ ക്രമസമാധാന നില താളം തെറ്റിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേയ്‌ക്ക് സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്താനാണ് നിർദേശം . എന്നാൽ ഇതൊന്നും തന്നെ ബാധിക്കുകയേയില്ലെന്ന രീതിയിലാണ് മുൻ മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
ചിലിയും ഇടത്തോട്ട് എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷ യുവനേതാവ് ഗബ്രിയേൽ ബോറിക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 56% വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം . എതിരാളി വലതുപക്ഷ നേതാവ് ജോസ് അന്റോണിയോ കാസ്റ്റിന് 44% വോട്ടേ ലഭിച്ചുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ഇടതുപക്ഷ പുരോഗമന പാർട്ടികളുടെ പിന്തുണ ബോറിക്കിന് ഉണ്ടായിരുന്നു എന്നുമൊക്കെ തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ക്യൂബയും മറ്റ് ഇടതുപക്ഷ സർക്കാരുകളും മാത്രമല്ല, മറ്റു ലാറ്റിനമേരിക്കൻ സർക്കാരുകളും വിജയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷവും വിജയത്തെ ചോദ്യം ചെയ്യുന്നില്ല. അതുകൊണ്ട് വിജയത്തെ തടയിടാനുള്ള അട്ടിമറി ശ്രമമൊന്നും ഉണ്ടാകാനിടയില്ല. സമ്പന്നരുടെമേൽ നികുതി. സമഗ്ര വിദ്യാഭ്യാസ പരിഷ്കാരം. ക്ഷേമനയങ്ങൾ. ലാറ്റിനമേരിക്കയിൽ വീണ്ടുമൊരു ഇടതുപക്ഷ മുന്നേറ്റത്തിനു കളമൊരുക്കും. ഗബ്രിയേൽ ബോറികിന്റെ ഏറ്റവും പ്രസിദ്ധമായ പ്രസ്താവനകളിൽ ഒന്ന് ഇങ്ങനെയാണ് – “നിയോലിബറലിസത്തിന്റെ ജന്മഭൂമി ചിലിയാണ്. ഇവിടെ ഞങ്ങൾ അതിനു ശവക്കല്ലറയും തീർക്കും.”- ഇത്തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് .
അതേ സമയം ഈ സമയത്ത് ഇത്തരമൊരു പോസ്റ്റിടാൻ ഈ സമയത്ത് എങ്ങനെ തോന്നിയെന്ന വിമർശനമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത് . കേരളം കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ വലിയ സന്തോഷം നൽകുന്ന വാർത്തയല്ലേ താങ്കൾ പങ്ക് വച്ചിരിക്കുന്നതെന്നും , അങ്ങോട്ട് നോക്കി ഇരുന്നോളൂവെന്നും ചിലർ പറയുന്നു.
ആ നാടും നാശത്തിന് സാക്ഷ്യം വഹിക്കാൻ തുടങ്ങുകയാണെന്നും , വരാൻ ഇരിക്കുന്ന വിപത്ത് വഴിയിൽ തങ്ങില്ല എന്നാണല്ലോയെന്നും ചിലർ പരിഹസിക്കുന്നു.
Comments