പ്രസവവേദന വന്ന് ആശുപത്രിയിലെത്തും മുൻപേ കുഞ്ഞിന് ജന്മം നൽകുന്നതും കാറിലും വിമാനത്തിലും യാത്ര ചെയ്യുമ്പോൾ പ്രസവിക്കുന്നതും വാർത്തയാവാറുണ്ട്. എന്നാൽ ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിക്കുന്ന കാറിൽ കുഞ്ഞിന് ജന്മം നൽകുന്ന കാര്യമോ..? വളരെ അപകടം പിടിച്ചതെന്നായിരിക്കും ഭൂരിഭാഗം പേരുടേയും അഭിപ്രായം.കാരണം ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിലായ വാർത്തകൾ നാം കേൾക്കാറുണ്ട്.
എന്നാൽ യു എസിലെ ഫിലാഡൽഫിയ സ്വദേശിയായ ഒരു യുവതി ആദ്യത്തെ ‘ടെസ്ല ബേബി’യ്‌ക്ക് ജന്മം നൽകിയിരിക്കുകയാണ്. ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിക്കുകയായിരുന്ന ടെസ്ല ഇലക്ട്രിക് കാറിന്റെ മുമ്പിലത്തെ സീറ്റിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇരാൻ, കീറ്റിങ് ഷെറി ദമ്പതികൾക്കാണ് കാറിനുള്ളിൽ വെച്ച് കുഞ്ഞ് പിറന്നത്.
കീറ്റിങ് ഷെറി മൂന്ന് വയസുള്ള മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ തയ്യാറെടുക്കവെയായിരുന്നു ഇരാന് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ കീറ്റിങ് ഭാര്യയെ കാറിൽ കയറ്റുകയും ആശുപത്രിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. കാറിന്റെ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന മകനെയും പ്രസവ വേദന അനുഭവിക്കുന്ന ഭാര്യയെയും ഒരുപോലെ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് കീറ്റിങ് വാഹനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയത്.
ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ ടെസ്ല കാറിൽ വെച്ച് തന്നെ യാരിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.മീവ് ലില്ലി എന്ന് പേരിട്ട കുഞ്ഞിനെ ആശുപത്രിയിലെ നഴ്സുമാർ ‘ടെസ്ല ബേബി’ എന്നാണ് വിശേഷിപ്പിച്ചത്.
ടെസ്ല കാറിൽ വെച്ച് ജനിച്ചത് കൊണ്ട് ‘ടെസ്സ്’ എന്ന വാക്ക് കൂടി മകളുടെ പേരിന്റെ ഭാഗമായി ചേർക്കുന്ന കാര്യം ആലോചിക്കുന്നതായി ദമ്പതികൾ വ്യക്തമാക്കി.
കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാണ, ക്ലീൻ എനർജി കമ്പനിയാണ് ടെസ്ല.ശതകോടിശ്വരൻ ഇലോൺ മസ്‌കാണ് ടെസ്ലയുടെ സ്ഥാപകൻ.
















Comments