കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് താരത്തിനെതിരെ ക്രിമിനൽകേസെടുത്ത് പാക് പോലീസ്.പാക് സ്പിന്നർ യാസിർ ഷായ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യാൻ സുഹൃത്തിനെ സഹായിച്ചുവെന്നുമാണ് പരാതി.പോലീസിൽ പരാതി നൽകാതിരിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഷാലിമാർ പോലീസ് കേസെടുത്തത്.യാസിറിനെ കൂടാതെ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ താരത്തിന്റെ സുഹൃത്ത് ഫർഹാനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
യാസിറിന്റെ സുഹൃത്തായ ഫർഹാൻ തന്നെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്‌തെന്നും പെൺകുട്ടി ആരോപിച്ചു. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 14കാരിയായ പെൺകുട്ടി കൂട്ടിച്ചേർത്തു. യാസിർ ഷാ സുഹൃത്തിനെ സഹായിച്ചുവെന്നും സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് സുഹൃത്തിനൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.
സഹായത്തിനായി യാസിറിനെ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടെപ്പോൾ ചിരിക്കുന്ന സ്‌മൈലിയായിരുന്നു തിരിച്ചുള്ള പ്രതികരണമെന്ന് പെൺകുട്ടി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് പുറുത്തു പറയരുതെന്ന് താരം ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. പോലീസിൽ പരാതിപ്പെട്ടപ്പോൾ സംഭവം പുറത്തു പറയാതിരിക്കാനായി 18 വയസു തികയുന്നതുവരെ തനിക്ക് ഫ്‌ളാറ്റും മാസം ചെലവിനുള്ള പൈസയും തരാമെന്ന് യാസിർ വാഗ്ദാനം ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞു.
യാസിറും സുഹൃത്ത് ഫർഹാനും ചേർന്ന് നിരവധി പെൺകുട്ടികളുടെ വീഡിയോ ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പരാതിയെക്കുറിച്ച് യാസിർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൂർണ വിവരങ്ങൾ ലഭ്യമായ ശേഷമേ പ്രതികരിക്കൂവെന്നും പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി
















Comments