ബെംഗളൂരു: ആകാശത്ത് നിഗൂഢമായ വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായി ജനങ്ങൾ. ഇന്നലെ വൈകിട്ട് മംഗലാപുരത്തെ ഉഡുപ്പിയിലാണ് ആകാശത്ത് അത്ഭുതകരമായ പറക്കുന്ന വസ്തുക്കൾ പ്രത്യക്ഷപ്പെട്ടത്. ഇവ അന്യഗ്രഹ ജീവികളാണെന്ന വാർത്ത പ്രചരിച്ചതോടെ നിഗൂഢ വസ്തുക്കളെ കാണാൻ അനേകം ആളുകളാണ് വിവിധ പ്രദേശങ്ങളിൽ തടിച്ചുകൂടിയത്.
ഉഡുപ്പിക്ക് പുറമെ, മംഗലാപുരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. എന്നാൽ കേരളത്തിൽ ഇവ പ്രത്യക്ഷമായിരുന്നില്ല. ആകശത്ത് നക്ഷത്രങ്ങളുടെ പരേഡ് നടക്കുന്നുവെന്നാണ് ചിലർ കരുതിയത്. 40 ഓളം ഉപഗ്രഹങ്ങൾ മാല പോലെയാണ് ദൃശ്യമായതെന്നാണ് ജനങ്ങൾ പറയുന്നത്.
ശതകോടീശ്വരനും, വ്യവസായ ഭീമനുമായ ഇലോൺ മസ്‌ക് നടത്തുന്ന അമേരിക്കൻ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഉപഗ്രഹങ്ങളാണിതെന്നാണ് സൂചന. സ്റ്റാർലിങ്ക് എന്ന് വിളിക്കുന്ന ഉപഗ്രഹങ്ങളിൽ ഒന്നിന്റെ ഭാഗമാണ് ഇപ്പോൾ ദൃശ്യമായത്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനും, ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇന്റർനെറ്റ് വിതരണം ചെയ്യാനും സ്‌പേസ് എക്‌സിന്റെ പദ്ധതിയാണിത്.
ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്കായി ഇത് ഉപയോഗിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കിയിരുന്നു. ഈ ഉപഗ്രഹങ്ങൾ ആകാശത്തിലൂടെ കടന്നുപോകുമ്പോൾ, അവ ഒന്നിനു പുറകെ ഒന്നായി സഞ്ചരിച്ച് പ്രകാശങ്ങളുടെ ഒരു തീവണ്ടി പോലെയാണ് കാണപ്പെടുന്നത്. ലണ്ടൻ മുതൽ അന്റാർട്ടിക്ക വരെയുള്ള ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗ ഇന്റർനെറ്റ് വിതരണം ചെയ്യുക എന്നതാണ് സ്റ്റാർലിങ്കിലൂടെ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്.
Comments