ന്യൂഡൽഹി:കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ത്രീകൾക്ക് നൽകിയ വാക്കാണ് ഇന്നലെ ലോകസഭയിൽ പാലിക്കപ്പെട്ടത്.വിവാഹപ്രായ ഏകീകരണ ബിൽ ഇന്നലെ വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ചതോടു കൂടി രാജ്യം സ്ത്രീശാക്തീകരണത്തലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് നടത്തിയത്. നിരവധി പ്രത്യേകതകളുള്ളതാണ് ബിൽ.
രാജ്യത്ത് വിവാഹത്തിനുളള പ്രായം പുരുഷനെന്നപോലെ സ്ത്രീക്കും 21 വയസ്സ് എന്നതാണ് പ്രധാന നിയമഭേദഗതി.എന്നാൽ 18 വയസ് തികഞ്ഞാൽ വ്യക്തി മേജർ അതുവരെ മൈനർ എന്ന ഇന്ത്യൻ മെജോരിറ്റി നിയമത്തിലുൾപ്പെട്ട വ്യവസ്ഥയ്‌ക്ക് മാറ്റമില്ല.
ബാലവിവാഹ നിരോധന നിയമത്തിൽ ചൈൽഡ് എന്നതിനുള്ള നിർവചനമാണ് മാറുന്നത്.നിലവിലെ നിർവചനമനുസരിച്ച് 21 വയസു തികയാത്ത പുരുഷനും 18 തികയാത്ത സ്ത്രീയും ചൈൽഡ് ആണ്. ഇതിനു പകരമായി പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസുവരെ ചൈൽഡ് എന്നാവും നിർവചനം.
വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസാക്കി ഏകീകരിക്കുന്നതിനൊപ്പം ,ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് നിയമത്തിലും (1956) വലിയ ഭേദഗതിയാണ് നിർദ്ദേശിച്ചിട്ടുള്ളത്. സ്വാഭാവിക രക്ഷാകർതൃത്വം സംബന്ധിച്ച വ്യവസ്ഥയിലാണിത്.
മൈനർ പെൺകുട്ടി വിവാഹിതയായാൽ രക്ഷാകർതൃത്വ അവകാശം ഭർത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും. ആൺകുട്ടിയുടേയും അവിവാഹിതയായ പെൺകുട്ടിയുടേയും രക്ഷാകർതൃത്വം പിതാവിനും അതിനുശേഷം മാതാവിനും എന്ന വ്യവസ്ഥയിലെ ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും.
നിയമപ്രകാരമുള്ള വിവാഹബന്ധത്തിലൂടെയല്ലാതെയുള്ള ആൺകുട്ടിയുടെയും, വിവാഹ ബന്ധത്തിലൂടെയല്ലാതെയുള്ള അവിവാഹിതയായ പെൺകുട്ടിയുടേയും രക്ഷാകർതൃത്വം മാതാവിനും അതിനുശേഷം പിതാവിനും എന്ന വ്യവസ്ഥയിലെയും ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും.
പിതാവിനുശേഷം, മാതാവിനുശേഷം എന്നിങ്ങനെ നിയമത്തിൽ പറയുന്നുണ്ടെങ്കിലും, ജെൻഡർ തുല്യതയ്‌ക്കുള്ള ഭരണഘടനാപരമായ അവകാശം പരിഗണിക്കുമ്പോഴും ഇരുവർക്കും തുല്യ അവകാശമാണ് ഉള്ളതെന്ന് മുൻപ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, പാർസി-വിവാഹ,വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം,
വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം എന്നിവയിൽ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം.
മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയും പക്വതയുമായാൽ പുരുഷനും, പ്രായപൂർത്തിയായാൽ സ്ത്രീക്കും വിവാഹമാവാം.
സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇസ്ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോയിൽ വ്യക്തമാക്കിയിട്ടുള്ളത്.പുതിയ നിയമഭേദഗതി നടപ്പിലാകുന്നതോടെ വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ് എന്നതാവും രാജ്യത്ത് എല്ലാവർക്കും ബാധകമാകുന്ന പ്രായപരിധി.
















Comments