കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ് ഐയുടെ മകൾ നൽകിയ പീഡനപരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് എസ്‌ഐ മകളെ കൊണ്ട് വ്യാജ പീഡനപരാതി നൽകിച്ചത്. പോക്‌സോ കേസ് ആയതിനാൽ എസ്‌ഐയുടേയും മകളുടേയും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു കേസിന് ആസ്പദമായ സംഭവം. പയ്യന്നൂരിൽ പെരുമ്പയിലെ ബേക്കറിയിൽ നിന്ന് കേക്ക് വാങ്ങാൻ എസ്‌ഐ എത്തിയിരുന്നു. സമീപത്തുള്ള ടയർ സർവീസ് കടയുടെ മുന്നിലാണ് ഇയാൾ വാഹനം നിർത്തിയിട്ടത്. എന്നാൽ സർവീസിന് എത്തുന്ന വാഹനങ്ങൾക്ക് കടയിലേക്ക് കയറാൻ ബുദ്ധിമുട്ട് ആയതിനാൽ കടയുടെ മുന്നിൽ നിന്ന് കാർ മാറ്റിയിടണമെന്ന് സ്ഥാപനത്തിന്റെ മാനേജരായ ഷമീം ആവശ്യപ്പെട്ടു.
വൈകിട്ട് യൂണിഫോമിൽ എത്തിയ എസ്‌ഐ കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ കേസെടുക്കുമെന്ന് പറഞ്ഞ് ഷമീമിനെ ഭീഷണിപ്പെടുത്തി. ഇതോടെ ഷമീം എസ്‌ഐക്കെതിരെ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസുകാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാളെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമീമിനെതിരെ 16കാരിയായ സ്വന്തം മകളെ കൊണ്ട് എസ്‌ഐ വ്യാജപീഡന പരാതി നൽകിച്ചത്.
താൻ കേക്ക് വാങ്ങാൻ പോയപ്പോൾ വാഹനത്തിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു പരാതി. സംഭവം കേസായതോടെ ഷമീം എസ്പിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയും, വ്യാജപീഡന പരാതിയാണെന്ന് അറിയിക്കുകയും ചെയ്തു. എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഷമീമിനെതിരായ പീഡനപരാതി വ്യാജമാണെന്ന് ഡിവൈഎസ്പി മനോജ്കുമാർ റിപ്പോർട്ട് നൽകിയത്. വ്യാജപീഡന പരാതി നൽകിയ എസ്‌ഐക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല.
















Comments