വാഷിംഗ്ടൺ: അഫ്ഗാനിൽ മാദ്ധ്യമപ്രവർത്തകരെല്ലാം കടുത്ത യാതനകളനുഭവിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ. താലിബാൻ അധികാരം പിടിച്ചശേഷം ഏറ്റവുമധികം വേട്ടയാടപ്പെട്ടത് മുൻ സുരക്ഷാ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമാണ്. 6400 മാദ്ധ്യമപ്രവർത്തകർ ഭീകരരെ ഭയന്ന് അലയുകയാണെന്നും മറ്റുപല ജോലികളും തേടി നടക്കുകയാണെന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് എന്ന സന്നദ്ധസംഘടനയും അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ് അസോസിയേനും സംയുക്തമായാണ് സർവ്വേ നടത്തിയത്.
അഫ്ഗാനിൽ അഷ്‌റഫ് ഗാനി ഭരണകാലത്ത്് സജീവമായിരുന്ന 6400 തദ്ദേശീയ മാദ്ധ്യമ പ്രവർത്തകർക്കാണ് പൊടുന്നനെ ജോലി നഷ്ടപ്പെട്ടത്. ഇതിനിടെ വിദേശമാദ്ധ്യമ പ്രവർത്തകരടക്കം എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്നതിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. താലിബാൻ മാദ്ധ്യമപ്രവർത്തനം നിരോധിച്ചതോടെ 231 മാദ്ധ്യമസ്ഥാപനങ്ങളാണ് പൂട്ടേണ്ടിവന്നത്. പത്തിൽ നാല് മാദ്ധ്യമസ്ഥാപനങ്ങളും എന്നന്നേക്കുമായി നിർത്തേണ്ടിവന്നു. 60 ശതമാനം മാദ്ധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത അന്തരീക്ഷ മാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിൽ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്ന കാലഘട്ടത്തിലാണ് വിദേശമാദ്ധ്യമപ്രവർത്തകരടക്കം എല്ലാ പ്രവിശ്യകളിലും പ്രവർത്തിച്ചിരുന്നത്. 543 മാദ്ധ്യമ സ്ഥാപനങ്ങൾ ഒരു സമയത്ത് പ്രവർത്തിച്ചിരുന്നു. ഇതിൽ 312 സ്ഥാപനങ്ങളാണ് കഴിഞ്ഞ നവംബർ മാസത്തിലും പേരിനെങ്കിലും അഫ്ഗാനിലുണ്ടായിരുന്നത്. ആഗസ്റ്റ് 1ന് താലിബാൻ കാബൂൾ പിടിച്ച് മൂന്ന് മാസത്തിനകം 43 ശതമാനം സ്ഥാപനങ്ങൾ അപ്രത്യക്ഷമായെന്നാണ് കണക്ക്.
















Comments