രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ’83’. 1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം തീയേറ്ററുകളിൽ എത്തുന്നതിന് മുൻപായി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടി പ്രത്യേകം പ്രദർശനവും നടത്തിയിരുന്നു. അന്ന് ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന കപിൽദേവായി രൺവീർ സിങ്ങാണ് എത്തുന്നത്. കപിൽ ദേവിന്റേയും അന്നത്തെ ടീം അംഗങ്ങളുടേയും ഇടയിലുണ്ടായ രസകരമായ നിരവധി അനുഭവങ്ങളും ചിത്രം പങ്ക് വയ്‌ക്കുന്നുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരായ ഫൈനലിന് ശേഷം ഇന്ത്യൻ ടീമിന് അന്ന് രാത്രി പട്ടിണി കിടക്കേണ്ടി വന്നുവെന്നുള്ള കാര്യം കപിൽ ദേവ് പങ്കുവയ്‌ക്കുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. അന്ന് രാത്രിയുണ്ടായ രസകരമായ അനുഭവങ്ങളെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്. കളിക്കാരെല്ലാം വിജയിച്ചതിന് ശേഷമുള്ള പാർട്ടി ആഘോഷിക്കുകയായിരുന്നു. അത് കൊണ്ട് അത്താഴം കഴിക്കാൻ സമയം കിട്ടിയില്ല.
ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. റെസ്‌റ്റോറന്റുകളും ഹോട്ടലുകളും എല്ലാം അടച്ചു. വെറും വയറ്റിൽ പോയി കിടന്നുറങ്ങുകയല്ലാതെ ടീം അംഗങ്ങൾക്ക് മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. രാജ്യത്തിന് വേണ്ടി അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയതിന് ശേഷമാണ് അങ്ങനെ സംഭവിച്ചത് എന്നത് കൊണ്ട് തന്നെ ആർക്കും നിരാശ ഉണ്ടായിരുന്നില്ലെന്നും കപിൽദേവ് പറയുന്നു. 83ലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് രൺവീർ സിങ്ങാണ്. കപിൽദേവായി മാറായി രൺവീറിന് ഏറെ പ്രശംസകളും ലഭിക്കുന്നുണ്ട്. കപിൽദേവായി മാറാൻ താൻ ഏറെ പരിശ്രമിച്ചുവെന്ന് രൺവീർ സിങ്ങും വ്യക്തമാക്കിയിട്ടുണ്ട്.
















Comments