ന്യൂഡൽഹി: പ്രണയവിവാഹത്തിന്റെ പേരിൽ യുവാവിനെതിരെ ക്രൂര ആക്രമണം.ഒളിച്ചോടി വിവാഹം കഴിച്ചെന്നാരോപിച്ച് 22 കാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തത്.ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
കുറേ നാളുകളായി യുവാവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു.വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇരുവരും ഡൽഹിക്ക് പുറത്ത് വെച്ച് വിവാഹിതരായി.തുടർന്ന് വിവാഹശേഷം ഇവർ ഡൽഹിയിൽ തിരിച്ചെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
സ്ഥലത്തെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. നിലവിൽ സഫ്തർജംഗ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.
ഡൽഹിയിലേക്ക് മടങ്ങിയ ഇരുവരും വീട്ടുകാരിൽ നിന്ന് സംരക്ഷണം തേടി പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.ദമ്പതികൾ രജൗരി പോലീസ് സ്റ്റേഷനിലെത്തിയ വിവരം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അറിഞ്ഞ് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പോലീസ്് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി മിനിറ്റുകൾക്ക് അകമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.യുവാവിന്റെയും പെൺകുട്ടിയുടെയും പരാതിയിൽ അക്രമികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി പ്രശാന്ത് ഗൗതം വ്യക്തമാക്കി
















Comments