കോഴിക്കോട്: സ്വർണ്ണം കവർന്ന കേസിലെ രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിൽ. മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത്മരം വീട്ടിൽ നിജീഷ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്‌പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പശ്ചിമ ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ചുവരികയായിരുന്നു. സെപ്തംബർ 20നു രാത്രി ലിങ്ക് റോഡിലുള്ള തന്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണ്ണം കൊണ്ടു പോകുമ്പോൾ ബൈക്കിലെത്തിയ എട്ടംഗ സംഘം ഇയാളെ ആക്രമിച്ച് സ്വർണം കവർന്നെടുക്കുകയായിരുന്നു. കണ്ടംകുളം ജൂബിലി ഹാളിനു സമീപമാണ് സംഭവം.
യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ വളരെ തന്ത്രപരമായി കവർച്ച നടത്തിയാണ് സംഘം കടന്നുകളഞ്ഞത്. എന്നാൽ പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിൽ പ്രതികളെ വലയിലാക്കുകയായിരുന്നു. ആദ്യം ക്വട്ടേഷൻ സംഘത്തിന് കവർച്ചയ്‌ക്കായി സിംകാർഡുകൾ എടുത്ത് നൽകിയ കക്കോടി മുട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയതപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്.
അന്യസംസ്ഥാനങ്ങളിലേക്ക് പ്രതികൾ കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ച പോലീസ്, സംഘങ്ങളായി തിരിഞ്ഞ് ഗോവ, കർണ്ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ രഹസ്യ അന്വേഷണം നടത്തി. അന്വേഷണ പുരോഗതി കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ എം മഹാജന് ക്രൈം സ്‌ക്വാഡ് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് കേരളത്തിലേക്ക് രഹസ്യമായി വന്നിരുന്ന പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് എന്നിവരെ പോലീസ് പൂളാടികുന്നിൽ വെച്ച് പിടികൂടിയിരുന്നു. മറ്റൊരു പ്രതിയായ പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ പോലിസിനു മുന്നിൽ ഹാജരാവുകയും ചെയ്തു.
ചേളന്നൂർ എട്ടേ രണ്ടിൽ വാടകക്ക് താമസിക്കുന്ന ക്വട്ടേഷൻ സംഘത്തലവൻ ഷൈസിത്ത് ഷിബിയോടും സംഘത്തോടുമൊപ്പം സ്വർണ്ണ കവർച്ചക്ക് പദ്ധതി തയ്യാറാക്കി. പിടിക്കപ്പെടും എന്നു മനസ്സിലാക്കിയ ഷൈസിത്ത്, ഷിബി പോലും അറിയാതെ ഒളിവിൽ പോവുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ രഹസ്യ സങ്കേതങ്ങളിൽ താമസിച്ചെങ്കിലും അവിടെയെല്ലാം പോലീസ് എത്തിയത് ഇയാൾക്ക് വെല്ലുവിളിയായി. തുടർന്ന് ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഷൈസിത്തിന് കഞ്ചാവു കേസുൾപ്പെടെ നിരവധി കേസുകളുണ്ട്.
കേസിലെ മറ്റൊരു പ്രതിയായ നിജീഷും ഒളിവിലായിരുന്നു. കവർച്ച നടത്തിയ സ്വർണ്ണത്തിന്റെ ഒരു ഭാഗം വില്പന നടത്തി കൊടുത്തത് നീജീഷ് ആയിരുന്നു. നാട്ടിൽ മാന്യ പരിവേഷം ഉള്ള നിജീഷ് വളരെ തന്ത്രപരമായിട്ടാണ് ഇത്തരം പരിപാടികൾ നടത്തിവന്നിരുന്നത്. പിടിയിലായ പ്രതികൾക്ക് കർണാടകയിൽ ഒളിത്താവളം ഒരുക്കി നൽകിയതും നിജീഷായിരുന്നു. ബാംഗ്ലൂരിലെ രഹസ്യകേന്ദ്രം സിറ്റി ക്രൈം സ്‌ക്വാഡ് റെയിഡ് ചെയ്യാനെത്തിയ വിവരം അറിഞ്ഞ് ബാംഗ്ലൂരിൽ നിന്നും മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് പോകും വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
വളരെ ആസൂത്രിതമായി റിഹേഴ്‌സൽ നടത്തി പിന്നീട് കവർച്ച നടത്തിയ ശേഷം അന്യ സംസ്ഥാനങ്ങളിലേക്ക് പ്രതികൾ കടന്നുകളയുകയായിരുന്നു. എന്നാൽ പോലീസിന്റെ അന്വേഷണ മികവിൽ പ്രതികളെ പിടികൂടാനായെന്നും കവർച്ച നടത്തിയ സ്വർണ്ണത്തിന്റെ ഒരു ഭാഗം പിടിച്ചെടുക്കാൻ പറ്റിയതായും ടൗൺ എ സി പി ബിജുരാജ് പറഞ്ഞു. പ്രതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തവരെ കുറിച്ച് വ്യക്തമായ സൂചന കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പേരെ അറസ്റ്റ് ചെയ്തതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും കസബ ഇൻസ്‌പെക്ടർ എൻ.പ്രജീഷ് പറഞ്ഞു.
കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എടയേടത്ത് മനോജ്, കെ.അബ്ദുൾ റഹിമാൻ, കെപി മഹീഷ്,എം.ഷാലു, പി പി മഹേഷ്, സി.കെ.സുജിത്ത്,ഷാഫി പറമ്പത്ത്,എ പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാ ത്ത്,കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ അനീഷ്, ഡ്രൈവർ സിപിഒ ടി കെ വിഷ്ണുപ്രഭ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ ഇത്തരം ഒരു സംഘം വളർന്നു വരുന്ന സാഹചര്യത്തിൽ, ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി എ.വി ജോർജ്ജ് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ ഐ.പി.എസാണ് മേൽനോട്ടം വഹിച്ചത്്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം നടത്തിയത്.
















Comments