കൊൽക്കത്ത: മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ. ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസുവാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഗവർണർ പദവിയെ ചോദ്യം ചെയ്യാനും ഗവർണറുടെ അധികാരം അപ്രസക്തമാക്കുന്നതിലേക്ക്ും വഴിതെളിക്കുന്നതാണ് സർക്കാർ നീക്കമെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.
സർവ്വകലാശാലകളിലെ സർക്കാരിന്റെയും സിപിഎമ്മിന്റെയും വഴിവിട്ട ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ പദവി വേണമെങ്കിൽ മുഖ്യമന്ത്രിക്ക് നൽകാമെന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം മറയാക്കിയാണ് മമതയുടെ നീക്കം. ഗവർണറും സർക്കാരും തമ്മിൽ സഹകരണമില്ലെന്നും ശത്രുതയാണ് നിലനിൽക്കുന്നതെന്നുമാണ് മന്ത്രി ബ്രത്യ ബാസുവിന്റെ വിശദീകരണം. ഇത്തരമൊരു മാറ്റത്തിന്റെ നിയമസാധുതകളെക്കുറിച്ചും ഭരണഘടനാപരമായ ഭേദഗതികളെക്കുറിച്ചും സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മമതയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ഏകാധിപത്യ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തിയ വ്യക്തിയാണ് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ. തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രീയ എതിരാളികൾക്ക് നേരെ തൃണമൂൽ പ്രവർത്തകർ നടത്തിയ നരനായാട്ടിൽ ഗവർണർ ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മമതയുടെയും തൃണമൂലിന്റെയും ഏകപക്ഷീയ നടപടികൾ മിക്കതും ഗവർണർ ചോദ്യം ചെയ്യുന്നതുകൊണ്ടാണ് വിഫലമാകുന്നതും. ഇത് കണക്കിലെടുത്താണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കി മുഖ്യമന്ത്രിയെ അവരോധിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.
സംസ്ഥാനത്തെ സ്വകാര്യ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ യോഗം ഗവർണർ വിളിച്ചുവെങ്കിലും ആരും പങ്കെടുക്കാൻ തയ്യാറായിരുന്നില്ല. വൈസ് ചാൻസലർമാരുടെ യൂണിയനിസം ഞെട്ടിക്കുന്നതാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജ്ഭവനിലെ യോഗഹാളിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

















Comments