ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം അടുത്തമാസം. പുതുതായി അധികാരമേറ്റ ഷേർ ബഹാദൂർ ദേയുബയാണ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷേറിന്റെ കൂടിക്കാഴ്ച ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന.
ഇന്ത്യയിലെത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം ഷേർ ബഹാദൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ഗ്ലാസ്‌ഗോയിൽ നടന്ന ആഗോള പരിസ്ഥിതി ഉച്ചകോടിയിൽ വെച്ചാണ് നേപ്പാൾ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ആദ്യമായി കൂടിക്കാഴ്ച നടന്നത്.
കൊറോണ കാലത്ത് ഇന്ത്യയയുടെ സഹായമാണ് നേപ്പാളിനെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. സാമ്പത്തിക- വാണിജ്യ – ആരോഗ്യ രംഗത്ത് ചൈനയുടെ കടന്നുകയറ്റത്തേക്കാൾ ഇന്ത്യയുടെ സുതാര്യമായ നടപടികളാണ് നേപ്പാളിനെ രക്ഷിച്ചു നിർത്തുന്നത്. കൊറോണ വാക്‌സിനേഷന്റെ കാര്യത്തിലും വിനോദസഞ്ചാര മേഖലയിലും ഇന്ത്യ അടിയന്തിര സഹായമാണ് നൽകിയത്. ഭക്ഷ്യധാന്യങ്ങളുടേയും ഇന്ധനങ്ങളുടേയും ലഭ്യതയും ഇന്ത്യ ഉറപ്പുവരുത്തി.
കെ.പി.ശർമ്മ ഒലി ചൈനയുമായി ചേർന്ന് നടത്തിയ പ്രതിരോധ രംഗത്തെ അവിശുദ്ധ കൂട്ടുകെട്ടുകൾ ഇന്ത്യയെ ശത്രുവായി കാണുന്ന തരത്തിലേക്ക് എത്തിച്ചിരുന്നു. അതിർത്തിയിലെ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ഇന്ത്യ എടുത്ത കർശന നിലപാടുകൾ നേപ്പാളിനെ മാറിചിന്തിപ്പിക്കുകയായിരുന്നു. ശർമ്മ ഒലിക്കെതിരെ ജനരോഷം ശക്തമായതും പാർലമെന്റ് പിരിച്ചുവിടുന്നതിനെ സുപ്രിംകോടതി എതിർത്തതും തിരിച്ചടിയായി. രാഷ്‌ട്രപതി ബിദ്യാദേവി ഭണ്ഡാരികൂടി എതിർത്തതോടെയാണ് ഷേർ ബഹാദൂർ പ്രധാനമന്ത്രിയായി മാറിയത്.
















Comments