ആലപ്പുഴ: പോലീസ് അന്വേഷണത്തിന്റെ പേരിൽ ജില്ലയിൽ സംഘടനാ പ്രവർത്തനം തടസപ്പെടുത്താൻ നടത്തുന്ന ആസൂത്രിത നീക്കം സർക്കാരും പോലീസും അവസാനിപ്പിക്കണമെന്ന് ബിജെപി ആലപ്പുഴ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പേരിൽ പോലീസ് തെരഞ്ഞുപിടിച്ച് നടത്തുന്ന നീക്കങ്ങളോടാണ് പ്രതികരണം. ഇതിന് പിന്നിൽ പോലീസുമായി ചേർന്ന് സിപിഎം നടത്തുന്ന ഗൂഢാലോചനയാണെന്നും പാർട്ടി ആരോപിച്ചു.
ബിജെപി മഹിളാ നേതാക്കൾ ഉൾപ്പെടെയുള്ളവരേയും പ്രവർത്തകരേയും അകാരണമായി പോലീസ് സ്റ്റേഷനിൽ തടങ്കലിൽ വെയ്‌ക്കുകയും, വീടുകളിൽ ചെന്ന് ഭീതി പരത്തുകയുമാണെന്ന് ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ ആരോപിച്ചു. പോലീസിന്റെ നടപടി പ്രതിഷേധാർഹമാണ്. നേതാക്കളുടെ ഫോണുകൾ പിടിച്ചെടുക്കുകയും മനപ്പൂർവ്വം അപമാനിക്കാനുള്ള ശ്രമവുമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയിലെ ബിജെപി പ്രവർത്തകർക്കെതിരായി നടക്കുന്ന നിക്കം ദുരുദ്ദേശ്യപരമാണ്. പോലീസിന്റെ അന്യായമായ ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ജില്ലാ നേതൃയോഗം വ്യക്തമാക്കി.
















Comments