ന്യൂഡൽഹി: അടൽ ബിഹാരി വാജ്‌പേയിയുടെ 97-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. വാജ്‌പേയിയുടെ സമാധി സ്ഥലമായ ഡൽഹിയിലെ സദൈവ് അടലിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് കേന്ദ്രമന്ത്രിമാരും പുഷ്പാർച്ചന നടത്തി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമാണ് വാജ്‌പേയിയുടേത്. ഓരോ ഭാരതീയനും വാജ്‌പേയിയുടെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സിതാരാമൻ, റെയിൽവേ മന്ത്രി പിയുഷ് ഗോയൽ തുടങ്ങിയവർ വാജ്‌പേയിക്ക് ആദരവർപ്പിക്കാൻ എത്തി. ദേശീയ സദ്ഭരണ ദിനമായാണ് അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ആഘോഷിക്കുന്നത്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ആഘോഷിക്കുന്ന സദ്ഭരണ വാരത്തിന് ഇന്ന് സമാപനമാകും.
ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനെന്ന നിലയിൽ വാജ്പേയി ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് മൂന്നു തവണയാണ് രാജ്യം അടൽ ബിഹാരി വാജ്പേയിയെ തെരഞ്ഞെടുത്തത്. 1996, 1998, 2004 വർഷങ്ങളിലാണ് എൻ.ഡി.എ വാജ്പേയിയുടെ നേതൃത്വത്തിൽ ഭരണത്തിലെത്തിയത്.
ലോക്സഭയിലേക്ക് പത്ത് തവണയും രാജ്യസഭയിലേക്ക് രണ്ടുതവണയും വാജ്‌പേയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015 ഭാരതരത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച പാർലമെന്റ് അംഗത്തിനുള്ള ഗോവിന്ദ് ബല്ലഭ് പന്ത് അവാർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018 ആഗസ്റ്റ് 16നാണ് അടൽ ബിഹാരി വാജ്പേയ് വിടപറഞ്ഞത്.
Comments