ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനീയമേതാണ്.. ഒട്ടും സംശയിക്കാതെ തന്നെ പറയാം കാപ്പിയും ചായയുമാണെന്ന്.വിരസതയിലേക്ക് കടന്നുപോകുന്ന പകലിനെ തിരിച്ചെടുക്കുന്നതിനോ, ‘സ്ട്രെസ്’ കാരണം മുടങ്ങിപ്പോയ ജോലികൾ ചെയ്തുതീർക്കുന്നതിനോ ഉന്മേഷപൂർവ്വം പുതിയൊരു ദിവസത്തെ വരവേൽക്കുന്നതിനോ എല്ലാം കാപ്പിയും ചായയും തന്നെ വേണമെന്ന് നിർബന്ധമുള്ള എത്രയോ പേർ നമുക്കിടയിലുണ്ട്..
അതിൽ ചിലർക്കെങ്കിലും കാപ്പിയോട് അല്പം ഇഷ്ടകൂടുതൽ ഉണ്ടാവും കോൾഡ് കോഫി,ചോകളേറ്റ് കോഫി, തുടങ്ങി വിത്യസ്ത ഫ്‌ളേവറുകളിലെ കോഫികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും അവർ. എന്നാൽ ഒരു കപ്പ് കോഫി ലഭിച്ചാൽ അത് ഇന്ത്യയിൽ നിന്ന വന്നതാണോ ബ്രസീലിൽ നിന്ന് വന്നതാണോ എന്നെല്ലാം അറിയാൻ സാധിക്കുമോ.. ഏത് പ്ലാന്റിൻ നിന്നാണ് കോഫി നിർമ്മിച്ചതെന്ന് പറയാൻ സാധിക്കുമോ.. നടക്കാത്ത കാര്യമെന്ന് പറഞ്ഞ് ഒഴിവാക്കാൻ വരട്ടെ.. ഇതെല്ലാം ഒരു കോഫി ടേസ്റ്റർക്ക് സാധിക്കും.
ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിയാണ് ഒരു കോഫി ടേസ്റ്ററുടേതെന്ന് അറിഞ്ഞാലോ.. ഉടനെ പെട്ടിയും കിടക്കയുമെടുത്ത് കോഫി ടേസ്റ്ററാവാൻ പോകുന്നതിന് മുൻപ് ഒരു കാര്യമറിഞ്ഞോളു. അത്ര എളുപ്പമുള്ള ജോലിയല്ല ഒരു കോഫി ടേസ്റ്ററുടേത്.നിരവധി ത്യാഗങ്ങൾ സഹിക്കേണ്ടി വരും.. അധികം ചൂടുള്ളതോ തണുത്തതോ ഉപ്പുള്ളതോ മധുരമേറിയതോ എരിവുള്ളതോ ആയ ഭക്ഷണ പദാർത്ഥങ്ങൾ ഒന്നും തന്നെ കഴിക്കാൻ സാധിക്കില്ല. പിന്നെ എന്ത് ജീവിതം എന്നല്ലേ.. രുചിയെ സഹായിക്കുന്ന നാവിലെ രസകുമുളങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനാണ് ഓരോ കോഫി ടേസ്റ്റർമാരും ഈ കഷ്ടപ്പാടെല്ലാം സഹിക്കുന്നത്.
ഈ കഷ്ടപ്പാടെല്ലാം സഹിച്ച് കോഫി ടേസ്റ്ററാവാൻ നിങ്ങൾ തയ്യാറാണെങ്കിൽ അതിനുള്ള സൗകര്യം നമ്മുടെ ഇന്ത്യയിൽ തന്നെ ഉണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ കോഫീ ബോർഡാണ് ഈ അവസരമൊരുക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ കോഫീ ബോർഡ് ബംഗളൂരുവിൽ നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ കോഫീ ക്വാളിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച് ഒരു വർഷം 12 പേരാണ് പുറത്തിറങ്ങുന്നത്. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ബോട്ടണി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, നാനോ ടെക്നോളജി എന്നീ വിഷയങ്ങളിൽ ബിരുദം നേടിയവർക്കാണ് ഈ കോഴ്‌സിൽ ചേരാനാവൂക.
കോഴ്‌സിന് ചേരുന്നതിന് മുമ്പ് തന്നെ അപേക്ഷകരുടെ രുചിയും മണവും അറിയാനുള്ള ശേഷിയും അവർ പരിശോധിക്കും. വിവിധതരം ചോക്ലേറ്റുകളെയും പഴങ്ങളെയും പച്ചക്കറികളെയും രുചിയിലൂടെയും മണത്തിലൂടെയും തിരിച്ചറിയണം. പലതരം പൂക്കളുടെ മണവും തിരിച്ചറിയേണ്ടി വരും. പഞ്ചസാര, ഉപ്പ്, വിനാഗിരി ലായനികളുടെ ഗാഢതയും രുചിച്ച് അറിയേണ്ടി വരും. പത്ത് സാമ്പിളുകളാണ് മണക്കാനും രുചിക്കാനുമായി നൽകുക. പഠനകാലത്ത് നാലുമാസം ചിക്ക്മംഗളൂരുവിലെ സെൻട്രൽ കോഫീ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവഴിക്കണം. കാപ്പികൃഷിയുടെ ബാലപാഠങ്ങൾ മുതൽ വിളവെടുപ്പും സംസ്‌കരണവും വരെ പഠിക്കണം. കാപ്പിക്കായി കൃഷി ഭൂമി ഒരുക്കുന്നത് മുതൽ ഷഡ്പദങ്ങളിൽ നിന്ന് മരങ്ങളെ സംരക്ഷിക്കുന്നതും കാപ്പിയുടെ സംസ്‌കരണവും വരെ അവിടെ പഠിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പലതരം കോഫികളും രുചിച്ചു നോക്കേണ്ടി വരും.
കാപ്പി നടുന്നതു മുതൽ വിളവെടുത്ത് സംസ്‌കരിച്ച് പാക്ക് ചെയ്യുന്നതു വരെയുള്ള കാര്യങ്ങൾ രുചിയെയും മണത്തെയും സ്വാധീനിക്കും.വിളവെടുത്ത് കൊണ്ടുവരുന്ന കാപ്പിയുടെ ഗുണം ലാബിലാണ് പരിശോധിക്കുക. കോഫീ ബീൻസിന്റെ ഈർപ്പവും മറ്റും പരിശോധിച്ച ശേഷമായിരിക്കും രുചി പരിശോധിക്കാൻ തുടങ്ങുക.ഏകദേശം 100-150 ഗ്രാം ബീൻസ് എടുത്ത് സാമ്പിൾ റോസ്റ്റ് നടത്തി ഗ്രൈൻഡ് ചെയ്താണ് കോഫി ടേസ്റ്റിങ് തുടങ്ങുക.കോഫി ടേസ്റ്റ് ചെയ്യാൻ കറങ്ങുന്ന പ്രത്യേക ടേബിളാണ് ഉപയോഗിക്കുക. ഒരു കപ്പിൽ പത്ത് ഗ്രാം കോഫി പൗഡറാണ് ഇടുക. മണം നഷ്ടപ്പെടാതിരിക്കാൻ ഇത് മൂടി വെക്കും. പിന്നീട് തിളച്ച വെള്ളം ഒഴിക്കും. പഞ്ചസാരയോ പാലോ ചേർക്കില്ല. വളരെ പതിയെയാണ് ചൂടുവെള്ളം പകരുക. പിന്നീട് പ്രത്യേക സ്പൂൺ ഉപയോഗിച്ച് പതിയെ ഇളക്കും. ഇളക്കുമ്പോൾ മണം പരിശോധിക്കണം. വെള്ളത്തിന് മുകളിൽ എത്തുന്ന കാപ്പി പൊടി കളയുകയും വേണം. ബ്രേക്കിങ് ദ ക്രസ്റ്റ് എന്നാണ് ഇതിനെ പറയുക. പിന്നീട് കപ്പ് പതിയെ ചുണ്ടിൽ വെച്ച് അസിഡിറ്റിയും തരിയുടെ സ്വഭാവവും വാസനയുമെല്ലാം പരിശോധിക്കും. കോഫി പതുക്കെ പതുക്കെ കുടിക്കുന്നതിന് ടേസ്റ്റ് നോക്കുന്നത് ഫ്‌ളിർട്ടിങ് എന്നാണ് അറിയപ്പെടുന്നത്.
ഓരോ കപ്പിന്റെയും മൊത്തത്തിലുള്ള രുചിയും മാർക്ക് ചെയ്യും. പത്തിൽ 8.5 ന് മുകളിൽ മാർക്ക് ലഭിക്കുന്നതാണ് സ്പെഷ്യാലിറ്റി കോഫീ. 6-6.5 ശരാശരി കോഫിയാണ്. അഞ്ചിൽ താഴെ മാർക്ക് ലഭിക്കുന്നത് മോശം കോഫിയായിരിക്കും. മോശം കോഫിയാണെങ്കിൽ അത് എവിടെയാണ് കൃഷി ചെയ്തത്, എങ്ങനെയാണ് സൂക്ഷിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടി വരും. രുചിയിൽ നിന്നും വാസനയിൽ നിന്നും അത് ഏതു രാജ്യത്തെയോ പ്രദേശത്തെയോ കോഫിയാണെന്ന് അറിയാൻ ഒരു കോഫി ടേസ്റ്റർക്കാ സാധിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോഫികൾ കൈകാര്യം ചെയ്യുന്ന ടേസ്റ്റർമാർക്കായി കമ്പനികൾ പ്രത്യേക ഭക്ഷണ മെനു തന്നെ തയ്യാറാക്കായിട്ടുണ്ട്. കോഫിയെ അത്രയേറെ സ്‌നേഹിക്കുന്നവരാണെങ്കിൽ ഇനി ഒട്ടും മടിക്കേണ്ട കോഫി ടേസ്റ്ററാവാൻ ഉടനെ തയ്യാറെടുത്തോളൂ..















Comments