തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ മോഹൻലാലിന്റേയും ഒരു പെൺകുട്ടിയുടേയും ക്യാരക്ടർ സ്‌കെച്ചാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സേതു ശിവന്ദനാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. കൊറോണയുടെ രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച ഷൂട്ടിംഗ് നാളെ പുനരാരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു.
മാർച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളിൽ ചിത്രീകരണം നടത്തിയിരുന്നു. എന്നാൽ ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന് മോഹൻലാൽ മരക്കാറിന്റെ പ്രൊമോഷനിടെ പറഞ്ഞിരുന്നു. ഷെഡ്യൂൾ ബ്രേക്ക് നീണ്ടുപോയതിനെ തുടർന്ന് കണ്ടിന്യുവിറ്റി പ്രശ്‌നം ഉൾപ്പെടെ ചിത്രം നേരിട്ടു. കൂടാതെ ചിത്രത്തിലെ കുട്ടി വലുതായെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
2019ൽ പ്രഖ്യാപിച്ച ബറോസ് മോഹൻലാലിന്റെ സ്വപ്ന പ്രൊജക്ടാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വർഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാർത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
















Comments