ന്യൂഡൽഹി ; ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ ഖലിസ്ഥാൻ സംഘടനകൾക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ പിന്തുണ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. ഇതിനായി ഇവർ സോഷ്യൽ മീഡിയ ക്യാമ്പെയിനും മറ്റും സംഘടിപ്പിക്കുന്നണ്ട്. ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നു പാക് പ്രധാനമന്ത്രിക്ക് നേരിട്ട് അയച്ച കത്തിൽ ഇന്ത്യയെ തകർക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ലുധിയാന കോടതിയിൽ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
23 നാണ് ലുധിയാന കോടതിയിൽ സ്‌ഫോടനം നടന്നത്. എന്നാൽ ഇതിന് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. 1971 ലെ യുദ്ധം ഓർമ്മിപ്പിച്ചാണ് പോസ്റ്റ്. ധാക്കയിൽ നടന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും ഖലിസ്ഥാൻ അനുകൂലികൾ ഒന്നിച്ച് നിൽക്കണമെന്നുമായിരുന്നു ആഹ്വാനം. ഇന്ത്യയെ എല്ലാ ഭാഗങ്ങളിൽ നിന്നും ആക്രമിക്കാനാണ് പാകിസ്താനി, ഖലിസ്ഥാൻ ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത്. പഞ്ചാബിൽ വീണ്ടും ഖലിസ്ഥാൻ പതാക ഉയർത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നു.
സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നു, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അയച്ച കത്തിലും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. 1971 ലെ ഫാൾ ഓഫ് ധാക്ക പോലെ ഫാൾ ഓഫ് ഡൽഹിയും നടത്തണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇന്ത്യയ്‌ക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും പന്നു അപേക്ഷിക്കുന്നുണ്ട്.
1971 യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്താനും കൂടുതൽ അനുകൂലികളെ ഉണ്ടാക്കാനും ഇവർ ശ്രമം നടത്തിയിട്ടുണ്ട്. 3736 അക്കൗണ്ടുകളിൽ നിന്നായി 60,679 രാജ്യവിരുദ്ധ ട്വിറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിൽ പാക് ഭരണകൂടത്തെ പിന്തുണച്ചവരാണ് ഏറിയ പങ്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
Comments